
കേന്ദ്രം ബ്രിട്ടീഷുകാരെക്കാൾ മോശമാവരുതെന്ന് കേജ്‌രിവാൾ
ഡൽഹി മുഖ്യമന്ത്രി അവസരവാദിയെന്ന് ബി.ജെ.പി
ന്യൂഡൽഹി: കേന്ദ്രത്തിന്റെ മൂന്ന് പുതിയ കാർഷിക നിയമങ്ങളും തള്ളി ഡൽഹി നിയമസഭ. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ആംആദ്മി എം.എൽ.എമാരായ സോംനാഥ് ഭാരതി, മൊഹീന്ദർ എന്നിവരും ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞ് സഭയിൽ പ്രതിഷേധിച്ചു. കേന്ദ്ര സർക്കാർ ബ്രിട്ടീഷുകാരേക്കാൾ മോശമാവരുതെന്ന് കേജ്‌രിവാൾ പറഞ്ഞു.
' കൊവിഡ് മഹാമാരിക്കാലത്ത് കാർഷിക നിയമങ്ങൾ പാസാക്കാൻ എന്തിനായിരുന്നു ധൃതി. ആദ്യമായാണ് വോട്ടിംഗ് ആവശ്യപ്പെട്ടിട്ട് അത് അനുവദിക്കാതെ രാജ്യസഭയിൽ നിയമം പാസാക്കിയത്. ഞാൻ മൂന്ന് നിയമങ്ങളും ഈ സഭയിൽവച്ച് കീറുകയാണ്. രണ്ട് ഡിഗ്രി തണുപ്പിൽ തെരുവിൽ കിടക്കുന്ന രാജ്യത്തെ കർഷകരെ ചതിക്കാനാവില്ലെന്നും' കേജ്‌രിവാൾ പറഞ്ഞു. ബി.ജെ.പിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് ലഭിക്കാനാണ് പുതിയ നിയമങ്ങളെന്നും കേജ്‌രിവാൾ ആരോപിച്ചു.
കേജ്‌രിവാളിന്റേത് അവസരവാദ രാഷ്ട്രീയമാണെന്ന് ബി.ജെ.പി പറഞ്ഞു. നവംബർ 23ന് പുതിയ നിയമങ്ങൾ ഡൽഹി സർക്കാർ വിജ്ഞാപനം ചെയ്തുവെന്നും എന്നിട്ട് അതേ നിയമത്തിന്റെ പകർപ്പ് സഭയിൽ കീറുകയാണെന്നും കേജ്‌രിവാളിന്റേത് അവസരവാദ രാഷ്ട്രീയമാണെന്നും ബി.ജെ.പി എം.പി മീനാക്ഷി ലേഖി പറഞ്ഞു.
തുടക്കം മുതലേ കർഷക സമരത്തെ ഡൽഹിയിലെ ആംആദ്മി സർക്കാർ പിന്തുണയ്ക്കുന്നുണ്ട്. അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് കുടിവെള്ളം, ചികിത്സാ സൗകര്യം, ടോയ്ലറ്റ് സംവിധാനം എന്നിവ സർക്കാർ ഒരുക്കിയിരുന്നു. കർഷകർ റോഡ് ഉപരോധിക്കുന്ന സിംഘു അതിർത്തിയിലെത്തി കേജ്‌രിവാളും മറ്റു മന്ത്രിമാരും ഐക്യദാർഢ്യം അറിയിച്ചിരുന്നു.