
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ. സിംഘു അതിർത്തിയിൽ യോഗം ചേർന്ന സംയുക്ത കിസാൻ മോർച്ച നേതാക്കളാണ് നിലപാട് വീണ്ടും വ്യക്തമാക്കിയത്. 22ന് മുംബയിൽ കർഷക മഹാറാലി നടത്താൻ ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ റാലി സംഘടിപ്പിച്ചിരുന്നു.
അതേസമയം വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് അഭ്യർത്ഥിച്ച് കേന്ദ്രകൃഷിമന്ത്രി കർഷകസംഘടനകൾക്ക് കത്തെഴുതി.
സമരം അവസാനിപ്പിക്കാനുള്ള കേന്ദ്രം മുന്നോട്ടുവച്ച ഭേദഗതികൾ തള്ളി കർഷകനേതാക്കൾ ബുധനാഴ്ച കൃഷിമന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കൾക്ക് എട്ടു പേജുള്ള കത്ത് കൃഷിമന്ത്രി അയച്ചത്. മിനിമം താങ്ങുവില നിറുത്തുമെന്നും മറ്റും ചിലർ വ്യാജപ്രചാരണം നടത്തുന്നു. ഇത്തരം നുണകൾ വിശ്വസിക്കരുത്. മിനിമം താങ്ങുവിലയുടെ കാര്യത്തിൽ രേഖാമൂലം ഉറപ്പു നൽകാൻ കേന്ദ്രം തയ്യാറാണ്. അതിർത്തികൾ സംരക്ഷിക്കുന്ന പട്ടാളക്കാർക്കുള്ള റേഷൻ കൊണ്ടുപോകുന്ന ട്രെയിനുകൾ തടയാൻ ആരെങ്കിലും പാളത്തിൽ ഇരിക്കുന്നുണ്ടെങ്കിൽ അവർ കർഷകരല്ല. ചില കർഷകസംഘങ്ങൾ തന്നെ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുകയാണെന്നും കൃഷിമന്ത്രി കത്തിൽ പറഞ്ഞു.
ഒരു കർഷകൻ കൂടി മരിച്ചു
കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു. ഡൽഹി തിക്രി അതിർത്തിയിലെ സമരകേന്ദ്രത്തിൽവച്ച് ബട്ടിൻഡയിൽ നിന്നുള്ള ജയ് സിംഗാണ് (37) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അഞ്ചു ദിവസം മുമ്പാണ് സമരത്തിൽ പങ്കെടുക്കാനെത്തിയത്.
മൂന്നാഴ്ച പിന്നിട്ട ഡൽഹി ചലോ സമരത്തിനിടെ പഞ്ചാബിലെയും ഹരിയാനയിലെയും മുപ്പതോളം കർഷകർ മരിച്ചതായാണ് റിപ്പോർട്ട്. സമരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ പഞ്ചാബിലുണ്ടായ അപകടത്തിൽ നാല് കർഷകർ കഴിഞ്ഞദിവസം മരിച്ചിരുന്നു.
സമരം അവസാനിക്കും വരെ സംസ്കരിക്കില്ലെന്ന്
സമരം ചെയ്യുന്ന കർഷകരോട് അനീതികാണിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞദിവസം സ്വയം വെടിയുതിർത്ത് മരിച്ച സിഖ് പുരോഹിതൻ ബാബ രാംസിംഗിന്റെ (65) മൃതദേഹം സംസ്കരിക്കില്ലെന്ന് ബന്ധുക്കൾ. സമരം അവസാനിക്കുന്നത് വരെ മൃതദേഹം സംസ്കരിക്കേണ്ടെന്ന് തീരുമാനിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
കർണാൽ സിംഗ്ര ഗ്രാമത്തിലെ ഗുരുദ്വാരയിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ് മൃതദേഹം. ഇന്നലെ ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലും ഭാര്യയും മുൻ കേന്ദ്രമന്ത്രിയുമായ ഹർസീമ്രത് കൗറും ഗുരുദ്വാരയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. വലിയ പൊലീസ് സന്നാഹം ഗുരുദ്വാരയ്ക്ക് സമീപം നിലയുറപ്പിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി അമിത്ഷാ
കർഷകസമരം ശക്തമാകുന്നതിനിടെ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരുടെയും ബി.ജെ.പി ജനറൽ സെക്രട്ടറിമാരുടെയും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ, ധനമന്ത്രി നിർമ്മലസീതാരാമൻ, റെയിൽവെമന്ത്രി പീയുഷ് ഗോയൽ എന്നിവരും പാർട്ടി ജനറൽ സെക്രട്ടറിമാരായ സി.ടി രവി, ദുഷ്യന്ത് ഗൗതം, അരുൺ സിംഗ് എന്നിവരും ഒരു മണിക്കൂറിലധികം നീണ്ട യോഗത്തിൽ പങ്കെടുത്തു. കർഷക സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി പരിഗണിച്ചതിന് പിന്നാലെയായിരുന്നു യോഗം.
അഭിഭാഷകരുടെ പാനലുമായി കർഷക സംഘടനകൾ
ഡൽഹി അതിർത്തി സ്തംഭിപ്പിച്ചുള്ള കർഷക സമരത്തിനെതിരായ സുപ്രീംകോടതി ഹർജികളിലെ നിലപാട് സംബന്ധിച്ച് നാല് മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചിക്കാൻ സംയുക്ത കിസാൻ സമിതി തീരുമാനിച്ചു. ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷൺ, കോളിൻ ഗോൺസാൽവസ്, എച്ച്.എസ്.ഫൂൽക്കെ എന്നീ സുപ്രീംകോടതി അഭിഭാഷകരുമായാണ് കൂടിയാലോചന.
സുപ്രീംകോടതിയിലെ കേസിൽ എട്ട് കർഷക നേതാക്കൾക്ക് സുപ്രീംകോടതി കഴിഞ്ഞദിവസം നോട്ടീസ് അയിച്ചിരുന്നു. എന്നാൽ, നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് കോ-ഓർഡിനേറ്റർ കെ.വി.ബിജു അറിയിച്ചു.