soniyagandhi

ന്യൂഡൽഹി: കോൺഗ്രസിൽ നേതൃമാറ്റമടക്കം അഴിച്ചുപണി ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളുമായി ചർച്ച നടത്താൻ പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിച്ചു. നേതാക്കളിൽ ചിലരുമായി നാളെ ചർച്ചയ്ക്കാണ് നീക്കം. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കുമെന്ന് സൂചനയുണ്ട്.

വിമർശനമുന്നയിച്ചതിനെ തുടർന്ന് പാർട്ടിയിൽ ഒതുക്കപ്പെട്ട നേതാക്കളുമായി ചർച്ചയ്‌ക്ക് വഴി തുറന്നത് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ ഇടപെടലാണ്. അഞ്ചെല്ലെങ്കിൽ ആറ് നേതാക്കളെ വിളിക്കും. വിമതൻമാരുമായുളള ചർച്ചയല്ലെന്നും മറ്റു നേതാക്കളെയും വിളിക്കുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. കത്ത് വിവാദമുണ്ടായ ശേഷം ഗുലാം നബി അടക്കമുള്ള നേതാക്കൾക്ക് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ചയ്‌ക്ക് അവസരം ലഭിച്ചിട്ടില്ല. പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങുന്നതിന്റെ ഭാഗമായാണ് ചർച്ചയെന്നും സൂചനയുണ്ട്.

തിരഞ്ഞെടുപ്പ് തോൽവികൾ തുടർക്കഥയാവുകയും, മോദി സർക്കാരിനെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നതിനാൽ അടിയന്തരമായി മുഴുവൻ സമയ അദ്ധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന ആവശ്യമാണ് 23 പ്രമുഖ നേതാക്കൾ കത്തിലൂടെ ഉന്നയിച്ചത്. പ്രവർത്തക സമിതി അംഗങ്ങളെ നോമിനേറ്റു ചെയ്യുന്ന രീതി നിറുത്തലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കത്തിന്റെ ഉള്ളടക്കം പരസ്യമായതിന് പുറകെ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, കപിൽ സിബൽ, മുകുൾ വാസ്‌നിക്, ശശി തരൂർ തുടങ്ങിയവർ പാർട്ടിക്കുള്ളിൽ ഒതുക്കപ്പെട്ടിരുന്നു. ബീഹാർ തിരഞ്ഞെടുപ്പ് തോൽവിക്കു ശേഷം കപിൽ സിബൽ വീണ്ടും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. കത്തെഴുതിവരുടെ കൂട്ടത്തിലില്ലെങ്കിലും പി. ചിദംബരംത്തെ പോലുള്ള നേതാക്കളും അഴിച്ചുപണി നടത്തണമെന്ന ആവശ്യക്കാരാണ്.