kunal-kamra-and-rachita-t

ന്യൂഡൽഹി: സുപ്രീംകോടതിയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജികളിൽ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയ്ക്കും കാർട്ടൂണിസ്റ്റ് രചിത തനേജയ്ക്കും സുപ്രീംകോടതി നോട്ടീസ്. മറുപടി നൽകാൻ ആറാഴ്ച സമയം ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് നൽകി. കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ അറിയിക്കാം. അതേസമയം ഇരുവരും നേരിട്ട് ഹാജരാകേണ്ടതില്ല.

ആത്മഹത്യാപ്രേരണക്കുറ്റത്തിന് മുംബയ് പൊലീസ് അറസ്റ്റ് ചെയ്ത
റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസാമിക്ക് ജാമ്യം നൽകിയ സുപ്രീംകോടതി വിധിക്ക് പിന്നാലെ സുപ്രീംകോടതിയെയും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെയും പരിഹസിച്ച് ട്വീറ്റ് ചെയ്തതിനാണ് കുനാൽകമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി. സുപ്രീംകോടതിയുടെ നിറം കാവിയാക്കി, ബി.ജെ.പി കൊടി വച്ചുള്ള ചിത്രവും ട്വീറ്റിൽ ഉപയോഗിച്ചിരുന്നു.

അഭിഭാഷകരുൾപ്പെടെ എട്ടുപേരാണ് കുനാൽ കമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയത്.

അയോദ്ധ്യവിധിക്കും അർണാബ് ഗോസാമിക്ക് ജാമ്യം നൽകിയതിനുമെതിരായ ഇല്ലസ്ട്രേഷനുകൾക്കാണ് രചിത തനേജയ്‌ക്കെതിരെ നിയമവിദ്യാർത്ഥി കോടതിയലക്ഷ്യ ഹർജി നൽകിയത്. കേന്ദ്രസർക്കാരും സുപ്രീംകോടതിയും പരസ്പരം സഹായിക്കുന്നുവെന്ന് ആരോപിക്കുന്നതാണ് തനേജയുടെ കാർട്ടൂൺ എന്നാണ് പരാതി. അധിക്ഷേപകരമെന്നും അതിരുവിട്ടതെന്നും വ്യക്തമാക്കി ഇരുവർക്കുമെതിരായ കോടതിയലക്ഷ്യ ഹർജികൾക്ക് അറ്റോർണിജനറൽ കെ.കെ വേണുഗോപാൽ അനുമതി നൽകിയിരുന്നു.