
ന്യൂഡൽഹി: പശ്ചിമബംഗാളിൽ വിവിധ കേസുകളിൽ അഞ്ച് മുതിർന്ന ബി.ജെ.പി നേതാക്കൾക്കെതിരായ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. മമത സർക്കാരിന് നോട്ടീസ് അയച്ച ജസ്റ്റിസ് എസ്.കെ. കൗൾ അദ്ധ്യക്ഷനായ ബെഞ്ച് ബി.ജെ.പി നേതാക്കളുടെ ഹർജി ജനുവരി രണ്ടാമത്തെ ആഴ്ചയിലേക്ക് മാറ്റി.
മദ്ധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗീയ, അർജുൻ സിംഗ് എം.പി, മുൻകേന്ദ്രമന്ത്രി മുകുൾ റോയ്, പവൻകുമാർ സിംഗ്, കബീർ ശങ്കർബോസ് എന്നിവർക്കെതിരായ നടപടിയാണ് കോടതി തടഞ്ഞത്.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനാരിക്കെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി തൃണമൂലിന് വേണ്ടി പൊലീസ് വ്യാജ കേസുകൾ രജിസ്റ്റർ ചെയ്തതായാണ് നേതാക്കളുടെ ആരോപണം.
2019ൽ തൃണമൂൽ വിട്ടതിനെതുടർന്ന് 64 കേസുകൾ തനിക്കെതിരെ എടുത്തതായി അർജുൻ സിംഗ് ഹർജിയിൽ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് തടയാനാണ് കേസുകളെന്നും അർജുൻസിംഗിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. പശ്ചിമബംഗാളിലെത്തുന്നത് തടയാനാണ് തനിക്കെതിരെ കേസുകളെടുത്തതെന്ന് കൈലാഷ് വിജയവർഗീയയും ചൂണ്ടിക്കാട്ടി. തുടർന്ന് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച കോടതി അടുത്തതവണ ഹർജി പരിഗണിക്കും വരെ ഈ കേസുകളിൽ നിയമനടപടി തടയുകയായിരുന്നു.