fire-and-rescue

ന്യൂഡൽഹി: ഫയർ ആൻഡ് സേഫ്ടി മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ എല്ലാ കൊവിഡ് ആശുപത്രികളിലും ഒരു നോഡൽ ഓഫീസർമാരെ വീതം നിയമിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.

കൊവിഡ് ആശുപത്രികളിൽ ഫയർ ആൻഡ് സേഫ്ടി ഓഡിറ്റ് നടത്താൻ ജില്ലാതലത്തിൽ സമിതികൾ രൂപീകരിക്കാനും മാസത്തിൽ ഒരു തവണയെങ്കിലും ഓഡിറ്റ് നടത്താനും സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.

നവംബർ 26ന് ഗുജറാത്തിലെ രാജ്കോട്ടിൽ കൊവിഡ് ആശുപത്രിയിലെ തീപിടിത്തത്തിൽ കൊവിഡ് രോഗികൾ മരിച്ച സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.

എൻ.ഒ.സി സർട്ടിഫിക്കറ്റ് ഇല്ലാത്ത ആശുപത്രികൾ എത്രയും വേഗം അപേക്ഷ നൽകണം. കാലാവധി കഴിഞ്ഞവർ പുതുക്കണം. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരും. ഫയർ ആൻ‌ഡ് സേഫ്ടി മാനദണ്ഡങ്ങൾ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം നോഡൽ ഓഫീസർക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാൻ ദുരന്ത നിവാരണനിയമപ്രകാരം സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങൾ നടപടിയെടുക്കണമെന്നും ആശുപത്രികളിൽ കൂടുതൽ സൗകര്യമൊരുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഉത്തരവ് നടപ്പാക്കി സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകണം. നാലാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

 മറ്റുള്ളവരുടെ ജീവൻ വച്ച് കളിക്കാൻ അനുവദിക്കരുത്

കൊവിഡിനെതിരായ ലോക യുദ്ധത്തിൽ സർക്കാരും പൊതുജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം. ജനങ്ങൾ അവരുടെ ഉത്തരവാദിത്വം നിർവഹിക്കണം.
മാസ്‌ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയ കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പദവികൾ നോക്കാതെ കർശനനടപടിയെടുക്കണം. സാമൂഹിക അകലം പാലിക്കാതെയുള്ള ആഘോഷങ്ങൾ ആത്യന്തികമായി അവരുടേത് മാത്രമല്ല മറ്റുള്ളവരുടെയും ജീവൻ നശിപ്പിക്കുകയാണ്. മറ്റുള്ളവരെ ജീവൻവച്ച് കളിക്കാൻ അത്തരക്കാരെ അനുവദിക്കരുത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു.