
ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി അലാപൻ ബന്ദോപാദ്ധ്യായ, ഡി.ജി.പി വീരേന്ദ്ര എന്നിവരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. ഇരുവരെയും കേന്ദ്രം ഡൽഹിക്ക് വിളിപ്പിച്ചിരുന്നെങ്കിലും അസൗകര്യമുണ്ടെന്ന് മറുപടി നൽകിയതിനെ തുടർന്നാണ് വീഡിയോ കോൺഫറൻസ് നടത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പശ്ചിമ ബംഗാളിൽ എത്തുന്ന സാഹചര്യത്തിൽ സുരക്ഷാകാര്യങ്ങളിൽ വിട്ടുവീഴ‌്ച പാടില്ലെന്ന് ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് ഗവർണർ ജഗ്ദീപ് ധൻകർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഡിസംബർ 14ന് ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ഡൽഹിയിലെത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വരാൻ കഴിയില്ലെന്ന് ബംഗാൾ സർക്കാർ മറുപടി നൽകിയിരുന്നു.
അമിത് ഷായുടെ മിഡ്നാപൂർ റാലിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ സുരക്ഷാ സന്നാഹങ്ങളുടെ വിവരങ്ങൾ നൽകാൻ ഡൽഹിയിലെ സി.ആർ.പി.എഫ് ആസ്ഥാനത്തു നിന്ന് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ഡെപ്യൂട്ടേഷൻ നിയമനം നൽകിയ ഡയമണ്ട് ഹാർബർ എസ്.പി ബോലെനാഥ് പാണ്ഡെ, പ്രസിഡൻസി റേഞ്ച് ഡി.ഐ.ജി പ്രവീൺ ത്രിപാഠി, സൗത്ത് ബംഗാൾ എ.ഡി.ജി രാജീവ് മിശ്ര എന്നിവരെ അടിയന്തരമായി വിട്ടു നൽകണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ മമതാ സർക്കാർ കടുംപിടുത്തം തുടരുകയാണ്.