
ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സൈന്യങ്ങളെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഇടവേളയ്‌ക്കു ശേഷം ഇന്ത്യയും ചൈനയും ചർച്ചകൾ പുനരാരംഭിച്ചു. സൈനിക-നയതന്ത്ര തലത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യാ-ചൈന അതിർത്തികാര്യ വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷനു(ഡബ്ള്യൂ.എം.സി.സി) കീഴിലാണ് യോഗം നടന്നത്.
ഇരുരാജ്യങ്ങളിലെയും നേതാക്കളും പ്രത്യേക പ്രതിനിധികളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ നിന്ന് പൂർണമായി സൈന്യങ്ങളെ പിൻവലിക്കുന്ന കാര്യങ്ങളാണ് ചർച്ചയായത്. ഒക്ടോബർ 12നും നവംബർ ആറിനും നടന്ന കമാൻഡർ തല ചർച്ചയിൽ ഇക്കാര്യങ്ങൾ ആഴത്തിൽ ചർച്ച ചെയ‌്തിരുന്നു. നടക്കാനിരിക്കുന്ന ചർച്ചകളിലൂടെ ഇരുപക്ഷത്തിനും സ്വീകാര്യമായ നിർദ്ദേശങ്ങൾ ഉയർന്നു വരുമെന്നും അതിർത്തിയിൽ സമാധാനം നിലനിറുത്താൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.