farmers-protest

ന്യൂഡൽഹി: കർഷക സമരം ഭരണ പ്രതിപക്ഷ വിഷയമാക്കി പ്രധാനമന്ത്രി വെറും കക്ഷിനേതാവായി ചുരുങ്ങിയെന്ന് കർഷകസംഘടനകളുടെ കൂട്ടായ്മയായ ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി. കർഷകർക്കുള്ള നിയന്ത്രണമില്ലാതാക്കി കൃഷിയിലും കൃഷിഭൂമിയിലും കോർപറേറ്റ്‌വത്കരണത്തിന് വഴിവയ്ക്കുന്നതാണ് പുതിയ കാർഷികനിയമങ്ങൾ. കൃഷിയിലെ കോർപറേറ്റ് നിക്ഷേപത്തിനായി ഒരു ലക്ഷം കോടി രൂപ കേന്ദ്രം അനുവദിച്ചു. ഈ പണം സർക്കാർ നേരിട്ടോ സഹകരണമേഖല വഴിയോ കർഷകരിലേക്ക് എത്തിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. പുതിയ നിയമങ്ങൾ പ്രയോജനകരമാണെന്ന് പ്രധാനമന്ത്രി വാദിക്കുന്നു. എന്നാൽ ക്വിന്റലിന് 1870 രൂപ താങ്ങുവിലയുള്ള നെല്ല് വെറും 900 രൂപയ്ക്കാണ് കർഷകർ വിൽക്കുന്നത്. ഇത് പ്രധാനമന്ത്രി മനസിലാക്കണം. ഭരണാധികാരി എന്ന നിലയിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം പ്രധാനമന്ത്രി കക്ഷിനേതാവായി ചുരുങ്ങിയെന്നും കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.