
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബംഗാൾ സന്ദർശിക്കാനിരിക്കെ, തൃണമൂൽ ക്യാമ്പുകളെ ഞെട്ടിച്ച് നേതാക്കളുടെ അപ്രതീക്ഷിത രാജി.
അമിത് ഷാ ഇന്ന് മിഡ്നാപൂരിൽ നടത്തുന്ന റാലിയിൽ മറ്റു പാർട്ടികളിൽ നിന്നുള്ള നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഒരു എം.എൽ.എ അടക്കം രണ്ടു നേതാക്കൾ തൃണമൂൽ കോൺഗ്രസ് വിട്ടത്. അതേസമയം മന്ത്രിയായിരുന്ന സുവേന്ദു അധികാരിയുടെ രാജി നിയമസഭാ സ്‌പീക്കർ ബിമൻ ബാനർജി സ്വീകരിച്ചില്ല.
ഭരക്പോർ എം.എൽ.എ ശിൽഭദ്ര ദത്ത, ന്യൂനപക്ഷ സെൽ നേതാവ് കബിറുകൾ ഇസ്ളാം എന്നിവരാണ് ഇന്നലെ തൃണമൂലിൽ നിന്ന് രാജിവച്ചത്. വ്യാഴാഴ്‌ച സുവേന്ദു അധികാരിയും എം.എൽ.എ ജിതേന്ദ്ര തിവാരിയും രാജിവച്ചിരുന്നു. സുവേന്ദുവിന്റെ രാജിക്കത്തിലെ തിയതിയിലും മറ്റും ചില സംശയങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പീക്കർ ബിമൻ ബാനർജി രാജി പരിഗണിക്കാതിരുന്നത്. തിങ്കളാഴ്ച നേരിട്ടു ഹാജരാകാനും സുവേന്ദുവിനോട് ആവശ്യപ്പെട്ടു.
ജിതേന്ദ്ര തീവാരിയുടെ അനുയായിയും സൗത്ത് ബംഗാൾ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ മേധാവിയുമായ കേണൽ ദിപ്‌താൻഷു ചൗധരിയും തൃണമൂലിൽ നിന്ന് രാജിവച്ചു. ഇദ്ദേഹം മുമ്പ് ബി.ജെ.പിയിൽ നിന്ന് തൃണമൂലിൽ എത്തിയതാണ്.
2017ൽ തൃണമൂലിൽ മമതയുടെ വലം കൈയായി അറിയപ്പെട്ടിരുന്ന മുകുൾ റോയിയെ റാഞ്ചിക്കൊണ്ടാണ് ബി.ജെ.പി തുടക്കമിട്ടത്. റോയിയുടെ സാന്നിധ്യം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കിയിരുന്നു. അടുത്ത കൊല്ലം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് ബംഗാളിൽ ഭരണം പിടിക്കാൻ ലക്ഷ്യമിടുന്ന ബി.ജെ.പി കൂടുതൽ തൃണമൂൽ നേതാക്കളെ വലയിലാക്കി മമതയെ സമ്മർദ്ദത്തിലാക്കുകയാണ്.
ഇന്ന് അമിത് ഷായുടെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്ന സുവേന്ദു അധികാരി തൃണമൂലിന്റെ സ്ഥാപകാംഗവും പ്രാദേശിക തലത്തിൽ വരെ നല്ല ബന്ധങ്ങളുള്ള നേതാവുമാണ്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തന്ത്രങ്ങൾ അതിജീവിച്ച് ഭരണം നിലനിറുത്താൻ സുവേന്ദുവിന്റെ തന്ത്രങ്ങൾ തൃണമൂലിന് തുണയായിരുന്നു.
നേതാക്കളുടെ രാജിക്കത്തുകൾ സ്വീകരിക്കാൻ മമതയ്‌ക്ക് ഓഫീസിൽ പ്രത്യേകം കൗണ്ടർ തുടങ്ങേണ്ടി വരും.
- ബി.ജെ.പി സോഷ്യൽ മീഡിയ സെൽ മേധാവി അമിത് മാളവ്യ
സി.പി.എം എം.എൽ.എയും ബി.ജെ.പിയിലേക്ക്
സി.പി.എം നേതാവും ഹൽദിയ മണ്ഡലത്തിലെ എം.എൽ.എയുമായ തപസി മൊണ്ടൽ ബി.ജെ.പിയിലേക്ക്. ഇന്ന് മിഡ്നാപൂരിൽ അമിത് ഷായുടെ സാന്നിദ്ധ്യലാണ് ബി.ജെ.പിയിൽ ചേരുക. തുടർന്ന് സി.പി.എം തപസിയെ പുറത്താക്കി.സി.പി.എമ്മിന് ജനങ്ങളുമായുള്ള ബന്ധം നഷ്‌ടമായെന്നും പ്രാദേശിക തലത്തിൽ സംഘടന തകർന്നുവെന്നും തപസി ആരോപിച്ചു.