medi

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ ദുരന്ത നിവാരണ നിയമപ്രകാരം സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങൾ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി.

ആർട്ടിക്കിൾ 21 പ്രകാരം ആരോഗ്യത്തിനുള്ള മൗലികാവകാശത്തിൽ താങ്ങാവുന്ന ചെലവിലുള്ള ചികിത്സയും ഉൾപ്പെടും. അതിനാൽ അത് ഉറപ്പാക്കുക സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ചെലവ് കൂടാൻ എന്തെല്ലാം കാരണങ്ങൾ പറ‌ഞ്ഞാലും ഉയർന്ന ചികിത്സാച്ചെലവ് സാധാരണക്കാർക്ക് താങ്ങാനാവില്ല. ചെലവ് നിയന്ത്രിക്കാൻ സർക്കാർ‌ ആവശ്യമായ ഇടപെടൽ നടത്തണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. നവംബർ 26ന് ഗുജറാത്തിലെ രാജ്കോട്ടിൽ കൊവിഡ് ആശുപത്രിയിലെ തീപിടിത്തത്തിൽ രോഗികൾ മരിച്ച സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ടാണ് പരാമർശം.