vaccine

 രോഗമുക്തി നിരക്ക് 95.4%

ന്യൂഡൽഹി: രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയോടടുത്തു (99.95 ലക്ഷം). മരണം 1.45 ലക്ഷവും കടന്നു. അതേസമയം നിർബന്ധിത കൊവിഡ് വാക്സിനേഷൻ നടത്തില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്വയം സന്നദ്ധരാകുന്നവർക്കാണ് വാക്‌സിൻ നൽകുക.

വാക്സിൻ സ്വീകരിക്കുന്നതാണ് സുരക്ഷിതമെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രചാരണങ്ങൾ സംഘടിപ്പിക്കും. കൊവിഡ് രോഗമുക്തർ വാക്സിൻ സ്വീകരിക്കുന്നത് രോഗത്തിനെതിരായ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. സാധാരണഗതിയിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതിരോധശേഷി ശരീരത്തിൽ വികസിക്കുക.

വാക്സിൻ പരീക്ഷണം അന്തിമഘട്ടങ്ങളിലാണെന്നും എന്നാൽ ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പാക്കി, മതിയായ അനുമതി ലഭിച്ചശേഷമേ പുറത്തിറക്കൂവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ രോഗമുക്തി നിരക്ക് 95.4 ശതമാനമായി ഉയർന്നു. ഇത് ലോകത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ചികിത്സയിലുള്ളവരുടെ എണ്ണം 3.13 ലക്ഷമായി കുറഞ്ഞു. രോഗമുക്തരായവർ ചികിത്സയിലുള്ളവരുടെ 30 ഇരട്ടിയാണ്. നിലവിൽ ചികിത്സയിലുള്ളത് 3,13,831 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 3.14ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 22,890 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 31,087 പേർ രോഗമുക്തരായി. 338 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.