
ന്യൂഡൽഹി: മാനനഷ്ടകേസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവിലിന്റെ മകൻ വിവേക് ഡോവലിനോട് മാപ്പ് പറഞ്ഞ് കോൺഗ്രസ് നേതാവ് ജയറാം രമേശ്. വിവേക് ഡോവലിനെതിരെ കാരവൻ മാസികയിൽ വന്ന ലേഖനത്തെ അടിസ്ഥാനമാക്കി നടത്തിയ ആരോപണത്തിലാണ് മാപ്പ് പറഞ്ഞത്. വിവേക് ഡോവൽ മാപ്പ് അംഗീകരിച്ചതോടെ ജയറാം രമേശിനെതിരായ കേസ് ഡൽഹി റോസ് അവന്യൂ കോടതിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സച്ചിൻ ഗുപ്ത അവസാനിപ്പിച്ചു.
കേന്ദ്രസർക്കാർ നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ കേമാൻ ദീപിൽ വിവേക് ഡോവൽ കമ്പനി രജിസ്റ്റർ ചെയ്തതെന്നും ഈ കമ്പനിയിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നടക്കമുള്ള ആരോപണങ്ങളുമായി കാരവനിൽ വന്ന ലേഖനത്തെ അടിസ്ഥാനമാക്കി 2019 ജനുവരിയിൽ നടത്തിയ വാർത്താസമ്മേളനമാണ് വിവാദമായത്. തന്നെയും കുടുംബത്തെയും കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരായി ചിത്രീകരിച്ചെന്നും പിതാവിനോടുള്ള രാഷ്ട്രീയ എതിർപ്പാണ് ആരോപണത്തിന് പിന്നിലെന്നുമാണ് വിവേക് ഡോവലിന്റെ പരാതി.
ആരോപണത്തിന്റെ സത്യാവസ്ഥ ഉറപ്പ് വരുത്തണമായിരുന്നെന്നും തന്റെ പരാമർശത്തിന് വിവേകിനും കുടുംബത്തിനുമുണ്ടായ വേദനയിൽ മാപ്പു ചോദിക്കുന്നതായും ജയറാം രമേശ് വ്യക്തമാക്കി.
അതേസമയം ലേഖനം പ്രസിദ്ധീകരിച്ച കാരവൻ മാഗസിനും ലേഖകനും നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ അവർക്കെതിരായ നിയമനടപടി തുടരും.