
ന്യൂഡൽഹി: കർഷകപ്രക്ഷോഭത്തിനിടെ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് സംയുക്ത കിസാൻ മോർച്ച സംഘടിപ്പിക്കുന്ന ശ്രദ്ധാഞ്ജലിസഭകൾ ഇന്ന് രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങളിൽ നടക്കും. കിസാൻസഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ ഇരുപതിലേറെ ജില്ലകളിൽ നിന്നുള്ള കർഷകർ പങ്കെടുക്കുന്ന ദില്ലി ചലോ റാലി നാളെ നാസിക്കിൽ ആരംഭിക്കും. അതിനിടെ കർഷക നിയമം കൊണ്ട് വിജയം കൊയ്ത കർഷകരുടെ ഗാഥകളുമായി കേന്ദ്രം പുറത്തിറക്കിയ ഇ-ബുക്ക് ലറ്റ് എല്ലാവരും വായിക്കണമെന്നും ഷെയർ ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു.
അതേസമയം, കർഷകർക്ക് പിന്തുണയുമായി ഭരണപക്ഷത്തുനിന്നുള്ളവർ എത്തിയതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിൽ. ഹരിയാനയിലെ ബി.ജെ.പി നേതാവും മുൻകേന്ദ്രമന്ത്രിയും ജാട്ട് നേതാവുമായ ബീരേന്ദർ സിംഗ് ഹരിയാനയിലെ സാംപ്ലയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിൽ പങ്കെടുത്തു. കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് രാജസ്ഥാനിൽ നിന്നുള്ള എൻ.ഡി.എ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എം.പി ഹനുമാൻ ബേനിവാൾ വ്യവസായം, പെട്രോളിയം-പ്രകൃതിവാതകം, പെറ്റീഷൻ എന്നീ പാർലമെന്ററി സമിതികളിൽ നിന്നു രാജിവച്ചു.
ലോക്സഭയിൽ ആർ.എൽ.പിയുടെ ഏക എം.പിയാണദ്ദേഹം. കർഷകർക്ക് ഐക്യദാർഢ്യവുമായി 26ന് രണ്ടു ലക്ഷം പേരുമായി ഡൽഹിയിലേയ്ക്ക് മാർച്ച് ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബി.ജെ.പി സഖ്യകക്ഷിയായ ബേനിവാൾ കാർഷികനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ എൻ.ഡി.എ വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമതീരുമാനം 26നുള്ള റാലിയിൽ തീരുമാനിക്കുമെന്ന് ബേനിവാൾ പറഞ്ഞു.