
ന്യൂഡൽഹി: പഞ്ചാബിൽ നിന്നുൾപ്പെടെയുള്ള കർഷകർ സമരം ശക്തമാക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അപ്രതീക്ഷിതമായി ഡൽഹിയിലെ ചരിത്ര പ്രസിദ്ധമായ രാക്കബ് ഗഞ്ച് ഗുരുദ്വാര സന്ദർശിച്ച് ഒൻപതാമത് സിക്ക് ഗുരുവായ ഗുരു തേജ് ബഹാദൂറിന് ആദരമർപ്പിച്ചു. ഗുരു തേജ് ബഹാദൂറിന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത് പാർലമെന്റിന് സമീപമുള്ള ഈ ഗുരുദ്വാരയിലാണ്.
സിക്ക്കാരായ കർഷകർക്കുള്ള ഒരു സന്ദേശമാണ് മോദിയുടെ ഗുരുദ്വാര സന്ദർശനം.
സുരക്ഷാ, ഗതാഗത നിയന്ത്രണങ്ങളൊന്നും ഇല്ലാതെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. ഗുരു തേജ് ബഹാദൂറിന്റെ കരുണ മറ്റു ലക്ഷക്കണക്കിന് ആളുകളെയെന്ന പോലെ തന്നെയും ആഴത്തിൽ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് മോദി ട്വീറ്റ് ചെയ്തു.
ചരിത്രപ്രസിദ്ധമായ ഗുരുദ്വാര രാക്കബ് ഗഞ്ച് സാഹിബ് സന്ദർശിച്ച് അനുഗ്രഹീതനായി. ഗുരുവിന്റെ നാനൂറാം ജൻമവാർഷികം ( 2021 ) തന്റെ സർക്കാരിന്റെ കാലത്തായത് പ്രത്യേക അനുഗ്രഹമാണെന്നും മോദി ട്വീറ്റ് ചെയ്തു. പഞ്ചാബിയിലും മോദി പ്രത്യേകം ട്വീറ്റ് ചെയതു. സന്ദർശന ചിത്രങ്ങളും പങ്കുവച്ചു.
1621ൽ ജനിച്ച ഗുരു തേജ് ബഹാദൂറിനെ 1675 നവംബർ 24ന് മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ കൽപ്പന പ്രകാരം ചാന്ദ്നി ചൗക്കിൽ വച്ച് തല വെട്ടി വധിക്കുകയായിരുന്നു. കാശ്‌മീരി ബ്രാഹ്മണരെ മുഗളന്മാർ മതപരമായി പീഡിപ്പിക്കുന്നതിനെതിരെ പോരാടിയതിനാണ് അദ്ദേഹത്തെ വധിച്ചത്. ഇസ്ലാം മതം സ്വീകരിക്കണമെന്ന മുഗൾ ചക്രവർത്തിയുടെ കൽപ്പനയും അദ്ദേഹം അനുസരിച്ചില്ല.