farmers-protest

സമരം വഴിതിരിച്ചു വിടാൻ കൃഷിമന്ത്രി ശ്രമിക്കുന്നു

ന്യൂഡൽഹി: കൊടും ശൈത്യത്തെ അതിജീവിച്ച് 25 ദിവസമായി തുടരുന്ന കർഷക സമരത്തിന് പിന്നിൽ രാഷ്ട്രീയ പാ‌‌ർട്ടികളുടെ സ്വാധീനമാണെന്ന കേന്ദ്രത്തിന്റെ ആരോപണത്തിന് ചുട്ടമറുപടിയുമായി കർഷകർ. സമരരംഗത്തുള്ള കർഷക സംഘടനകൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്ന് ദില്ലി ചലോ സമരം നയിക്കുന്ന സംയുക്ത കിസാൻ മോ‌ർച്ചയുടെ ഭാഗമായ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി.

കർഷകരുടെ സമരത്തിനിറങ്ങിയതോടെ രാഷ്ട്രീയ പാ‌ർട്ടികൾ തങ്ങളുടെ നിലപാട് മാറ്റി, ഒപ്പം ചേരാൻ നിർബന്ധിതമായെന്നതാണ് യാഥാർത്ഥ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി, കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ എന്നിവർക്കെഴുതിയ കത്തുകളിൽ കമ്മിറ്റി വ്യക്തമാക്കി.

ഞങ്ങളുടെ ആവശ്യങ്ങൾ രാഷ്ട്രീയ പാർട്ടികളുടേതല്ല. പ്രശ്‌നം വഴിതിരിച്ചുവിടാൻ കൃഷിമന്ത്രി ശ്രമിക്കുകയാണെന്നും കത്തിൽ കുറ്റപ്പെടുത്തി.

പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണകരമാണെന്നും എന്നാൽ പ്രതിപക്ഷം കർഷകരെ വഴിതെറ്റിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാ‌ർട്ടികൾ വ്യാജപ്രചാരണം നടത്തുന്നുവെന്ന് കൃഷിമന്ത്രി തോമറും സമരം തീവ്രഇടതുപക്ഷ പാർട്ടികൾ ഹൈജാക്ക് ചെയ്തെന്നും റെയിൽവേ മന്ത്രി പിയൂഷ് ഗോയലും പറഞ്ഞിരുന്നു.

അതേസമയം, ഇന്നലെ രാവിലെ 3.4 ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴ്ന്നിട്ടും വർദ്ധിത വീര്യത്തോടെ കർഷകർ സമരം തുടരുകയാണ്. പഞ്ചാബിൽ നിന്നുള്ള നഴ്‌സുമാരടക്കമുള്ള ആരോഗ്യപ്രവർത്തകർ പിന്തുണയുമായി ഇന്നലെ സിംഘു അതിർത്തിയിലെത്തി. ഹരിയാനയിൽ നിന്നും പശ്ചിമ യു.പിയിൽ നിന്നുമുള്ള കൂടുതൽ കർഷകരെത്തിയതോടെ ഗാസിപ്പുർ, ഷാജാപ്പുർ അതിർത്തികളിലും സമരം ശക്തമായി.

തോമറിന്റെ കത്ത് മറ്റ് ഭാഷകളിലേക്കും

കർഷക നിയമങ്ങളുടെ നേട്ടങ്ങൾ വിവരിച്ച് കൃഷിമന്ത്രി തോമർ ഹിന്ദിയിൽ കർഷക സംഘടനകൾക്ക് എഴുതിയ കത്ത് പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഹിന്ദി ഇതര ഭാഷകൾ സംസാരിക്കുന്നവർക്കും കത്തിലെ ഉള്ളടക്കം മനസിലാക്കാനാവണമെന്നതാണ് ലക്ഷ്യം. മലയാളം, തമിഴ്, കന്നഡ, തെലങ്ക്, ബംഗാളി തുടങ്ങിയ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. തോമറിന്റെ കത്ത് ട്വിറ്ററിൽ പങ്കുവച്ച പ്രധാനമന്ത്രി എല്ലാവരും കത്ത് വായിക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

 മഹാരാഷ്ട്രയിൽ കർഷക മാർച്ച് ഇന്ന്

കർഷകസമരം ശക്തമാക്കാൻ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് തുടങ്ങും. ഡൽഹിയിലെ സമരകേന്ദ്രങ്ങളിലേക്കാണ് മാർച്ച്. നാളെ മുംബയിൽ കുർള-ബാന്ദ്ര സമുച്ചയത്തിലുള്ള അംബാനി, അദാനി ഓഫീസുകൾക്ക് മുന്നിലേക്കും മാർച്ച് നടക്കും. അതേസമയം യു.പിയിൽ കർഷക നിയമത്തെ അനുകൂലിച്ച് 20,000ത്തോളം വരുന്ന കർഷകർ ട്രാക്ടർ റാലി നടത്തി.

 ശ്രദ്ധാഞ്ജലി സഭകൾ

കർഷക സമരത്തിനിടെ കടുത്ത തണുപ്പിലും അപകടങ്ങളിലും മറ്റുമായി മരിച്ച 40 ഓളം പേർക്ക് ഡൽഹിയിലെ സമരകേന്ദ്രങ്ങളിലും രാജ്യത്തെ വിവിധ ഗ്രാമങ്ങളിലും ശ്രദ്ധാഞ്ജലി സഭകൾ നടന്നു. മരിച്ചവരുടെ ചിത്രത്തിന് മുന്നിൽ പുഷ്പാ‌ർച്ചനയും പ്രാർത്ഥനയും നടന്നു. 22 സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തോളം ഗ്രാമങ്ങളിൽ ശ്രദ്ധാഞ്ജലി സഭ നടന്നതായി ഓൾ ഇന്ത്യ കിസാൻ സംഘ‌ർഷ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. 50 ലക്ഷത്തോളം പേർ പങ്കാളികളായി.