
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾക്ക് ലഭിക്കുന്ന വിദേശ സംഭാവനകൾ കേന്ദ്രസർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ട്. സംഭാവനകളുമായി ബന്ധപ്പെട്ട് കേന്ദ്ര ഫോറിൻ എക്സ്ചേഞ്ച് വിഭാഗം വിവരങ്ങൾ തേടിയതായി പഞ്ചാബ് സിന്ധ് ബാങ്കിന്റെ മോഗ ജില്ലയിലെ ബ്രാഞ്ചിൽ നിന്ന് അറിയിച്ചതായി സമരരംഗത്തുള്ള ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹാൻ വിഭാഗം നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ 9 ലക്ഷത്തോളം രൂപ സംഘടനയുടെ അക്കൗണ്ടിൽ വന്നു. ഇത്തരം പണമിടപാടുകൾ നിർബന്ധിത രജിസ്ട്രേഷൻ വേണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. എന്നാൽ വിദേശത്തുനിന്നുള്ളവർ സാമൂഹ്യപ്രവർത്തനങ്ങൾക്ക് പതിവായി തുക സംഭാവന ചെയ്യാറുണ്ടെന്ന് നേതാക്കൾ വിശദീകരിച്ചു. അതേസമയം, വിദേശത്തുള്ള പഞ്ചാബുകാർ സംഭാവന അയക്കുന്നതിൽ എന്താണ് തെറ്റെന്നും ഇത് അവരുടെകൂടി സമരമാണന്നും നേതാവ് ജോഗീന്ദർ ഉഗ്രഹ പറഞ്ഞു. അതേസമയം നികുതി നിയമങ്ങൾ കർഷക സംഘടനകൾക്കെതിരെ ശക്തമാക്കുന്നത് സമരം പൊളിക്കാനാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പ്രതികരിച്ചു.