landan

#പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി


ന്യൂഡൽഹി: ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് ബാധ ബ്രിട്ടനിൽ ഉയരുന്ന പശ്ചാത്തലത്തിൽ ബ്രിട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകൾക്കും ഇന്ത്യ വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ ഡിസംബർ 31വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. സർവീസുകൾ റദ്ദാക്കുന്നതിന് തൊട്ടുമുൻപ് എത്തിയവർക്ക് വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി. പോസിറ്റീവ് ആകുന്നവരെ ഏഴുദിവസം ക്വാറന്റൈനിലാക്കും.

കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കുന്നുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. സുരക്ഷയ്ക്കായി എല്ലാ നടപടികളുമെടുത്തിട്ടുണ്ട്. സ്ഥിതിഗതി കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തരയോഗം ചേർന്ന് വിലയിരുത്തി.

ജനിതകമാറ്റം വന്ന വൈറസിന് രോഗ പകർച്ചാശേഷി 70 ശതമാനം കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. സ്ഥിതി നിയന്ത്രണാതീതമാണെന്ന് യു.കെ ആരോഗ്യ സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു. ഇറ്റലിയിലും രൂപാന്തരം പ്രാപിച്ച വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

ഫ്രാൻസും ജർമനിയും ബൽജിയവും അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും കാനഡയും സൗദിയും അടക്കമുള്ള മറ്റുചില രാജ്യങ്ങളും ബ്രിട്ടനിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒമാൻ ഒരാഴ്ചത്തേക്ക് അതിർത്തി അടച്ച് എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള സർവീസുകൾ വിലക്കി. ഹോങ്കോംഗും വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ജപ്പാനും ദക്ഷിണകൊറിയയും സാഹചര്യം നിരീക്ഷിച്ചുവരികയാണ്.

``ജനിതകമാറ്റം വന്ന വൈറസും ബ്രിട്ടനിലെ കൊവിഡ് വ്യാപനവും തമ്മിൽ ബന്ധമുണ്ടെങ്കിലും ആഘോഷങ്ങൾ വ്യാപനത്തിന് ഇടയാക്കിയോ എന്നതും വിലയിരുത്തണം. പുതിയ വൈറസ് എത്രത്തോളം മാരകമാണെന്ന് പറയാറായിട്ടില്ല. നിലവിലെ ചികിത്സയെയും വാക്സിന്റെ ഫലപ്രാപ്തിയെയും ഇത് ബാധിക്കുമോയെന്ന് വരുംനാളുകളിലേ വ്യക്തമാകൂ

ഡോ.​പ്ര​വീ​ൺ​ ​പ്ര​ദീ​പ്
എ​പ്പി​ഡെ​മോ​ള​ജി​സ്റ്റ്,​ ​എ​യിം​സ്, ​ഡ​ൽ​ഹി

# ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർ മറ്റുരാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വഴി വരുന്നതും വിലക്കി #ബ്രിട്ടനിൽ നിന്നുള്ളവർ ഒരു വിമാനത്തിലും ഉണ്ടാകരുതെന്ന് വിമാനകമ്പനികൾക്ക് നിർദ്ദേശം # കൊവിഡ് പോസിറ്റീവ് ആയാൽ ചികിത്സാ ചെലവ് യാത്രക്കാർ വഹിക്കണം # ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവർ ഏഴ് ദിവസം ഹോം ക്വാറന്റീനിൽ പോകുന്നത് അഭികാമ്യം # ഡി.ജി.സി.എയുടെ അനുമതിയുള്ള കാർഗോ വിമാനങ്ങൾക്ക് വിലക്കില്ല