death

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ മോത്തിലാൽ വോറ അന്തരിച്ചു. 93 വയസായിരുന്നു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മരണം.

ഒക്ടോബറിലാണ് കൊവിഡ് ബാധിച്ചത്. ഞായറാഴ്ച 93ാം പിറന്നാളായിരുന്നു.

മൂത്രാശയ, ശ്വാസകോശ അണുബാധയെ തുടർന്നാണ് ദിവസങ്ങൾക്ക് മുമ്പ് ഡൽഹി ഓഖ്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംസ്‌കാരം ചത്തീസ്ഗഡിൽ നടക്കും. ഭാര്യ ശാന്തിദേവി വോറ. ചത്തീസ്ഗഡിലെ കോൺഗ്രസ് എം.എൽ.എ അരുൺ വോറ ഉൾപ്പെടെ ആറു മക്കൾ.
1993 മുതൽ 96 വരെ യു.പി ഗവർണറായിരുന്നു. കേന്ദ്രത്തിൽ ആരോഗ്യ, വ്യോമയാന വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. നാലുതവണ രാജ്യസഭാംഗമായി. ഒരു തവണ ലോക് സഭയിലുമെത്തി.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ വോറ 2000 മുതൽ 2018വരെ എ.ഐ.സി.സി ട്രഷററായിരുന്നു. അഹമ്മദ് പട്ടേൽ ട്രഷററായതോടെ
എ.ഐ.സി.സി ജനറൽ സെക്രട്ടറി (അഡ്മിനിസ്‌ട്രേഷൻ) പദവിയിലെത്തി. അടുത്തിടെ സോണിയാഗാന്ധി നടത്തിയ പുനഃസംഘടനയിലാണ് ജനറൽസെക്രട്ടറി പദവിയിൽ നിന്ന് മാറ്റിയത്.

1927 ഡിസംബർ 20ന് രാജസ്ഥാനിലായിരുന്നു ജനനം. രാഷ്ട്രീയത്തിലിറങ്ങും മുൻപ് പത്രപ്രവ‌ർത്തകനായിരുന്നു. 1972ൽ ആദ്യമായി എം.എൽ.എയായി.
1985ൽ അവിഭക്ത മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി. കേന്ദ്രമന്ത്രിയാവാൻ 1988ൽ പദവിയൊഴിഞ്ഞു. 2002 മുതൽ ഈ വ‌ർഷം ഏപ്രിൽ വരെ ചത്തീസ്ഗഡിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായി.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കഗാന്ധി, കപിൽ സിബൽ, അശോക് ഗെഹ്‌ലോട്ട്, ജയറാം രമേശ് തുടങ്ങിയവർ അനുശോചിച്ചു.