
ന്യൂഡൽഹി: വാക്സിനുകൾക്ക് അടിയന്തര ഉപയോഗ അനുമതി നൽകുന്നത് ആവശ്യമായ പരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം മതിയെന്ന് പാർലമെന്റിന്റെ ആഭ്യന്തരകാര്യ സ്ഥിരം സമിതി ശുപാർശ ചെയ്തു. സ്വകാര്യ ആശുപത്രിയിൽ ചികിത്സാചെലവ് നിയന്ത്രിക്കാനും മരുന്നുകൾ ഉയർന്ന വില ഈടാക്കി കൊള്ളലാഭമുണ്ടാക്കുന്നത് തടയാനും നടപടികളെടുക്കണമെന്നും മുതിർന്ന കോൺഗ്രസ് എം.പി ആനന്ദ് ശർമ്മ അദ്ധ്യക്ഷനായ സമിതി രാജ്യസഭാചെയർമാൻ എം. വെങ്കയ്യനായിഡുവിന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
1918ലെ സ്പാനിഷ് ഫ്‌ളുവിന് മുൻപ് കൊണ്ടുവന്ന പകർച്ചവ്യാധി നിയമം പുതുക്കണം. കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് പ്രവർത്തിക്കാൻ ദേശീയ പദ്ധതി തയാറാക്കണമെന്നും ശുപാർശ ചെയ്തു. പെട്ടെന്ന് നടപ്പാക്കിയ ലോക്ക്ഡൗൺ പ്രത്യാഘാതമുണ്ടാക്കിയെന്ന് സമിതി വിലയിരുത്തി. മാർച്ച് മാസം വരെ ഇന്ത്യയിലേക്ക് എത്തിയ അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ ശരീരോഷ്മാവ് മാത്രമേ പരിശോധിച്ചുള്ളൂ. വിമാനത്താവളത്തിൽ കൊവിഡ് പരിശോധന നടത്താൻ സംവിധാനമുണ്ടാക്കിയില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.