
ന്യൂഡൽഹി: പ്രതിരോധം, പെട്രോകെമിക്കൽസ്, ആണവോർജം തുടങ്ങിയ മേഖലകളിൽ സഹകരണത്തിന് ഇന്ത്യയും വിയറ്റ്‌നാമും ഏഴ് കരാറുകളിൽ ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിർച്ചൽ ഉച്ചകോടിയിൽ പ്രതിരോധം, ഊർജ്ജം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ തന്ത്രപരമായ സഹകരണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്‌നാം പ്രധാനമന്ത്രി സുവാൻ ഫുക്കും ചർച്ചചെയ്തു.
ഇന്തോ- പസിഫിക് മേഖലയിൽ സമാധാനവും അഭിവൃദ്ധിയുമാണ് ഇരുരാജ്യങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്തോ പസഫിക് മേഖലയിലെ പ്രധാന സഖ്യകക്ഷിയാണ് വിയറ്റ്‌നാം. അടുത്തവർഷം യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ അംഗമാകുന്നതോടെ ഇന്ത്യ വിയറ്റ്‌നാം സഹകരണത്തിന്റെ ആഗോള പ്രാധാന്യം ഉയരുമെന്നും മോദി പറഞ്ഞു.