vaccine

ന്യൂഡൽഹി: ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കായി പുതിയ മാർഗരേഖ പുറത്തിറക്കി. ബ്രിട്ടനിൽ നിന്നെത്തിയവരിൽ കൊവിഡ് പോസിറ്റീവായവർക്ക് സ്‌പൈക്ക് ജീൻ അടിസ്ഥാനമാക്കിയുള്ള ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. 'ജനിതക മാറ്റം വന്ന കൊവിഡ്' ആണെങ്കിൽ പ്രത്യേക ഇൻസ്റ്റിറ്റ്യൂഷണൽ കേന്ദ്രത്തിൽ ഐസൊലേഷനിലേക്ക് മാറ്റണം. ഇവരുടെ സമ്പർക്കത്തിൽ വന്ന എല്ലാവരെയും പരിശോധിക്കണം.

മാറ്റം വന്ന കൊവിഡല്ലെങ്കിൽ നിലവിലെ പ്രോട്ടോക്കാൾ പ്രകാരമുള്ള ക്വാറന്റൈനും ചികിത്സയും നടത്താം.

കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളിൽ (നവംബർ 25-ഡിസംബർ 23) ബ്രിട്ടനിൽ സഞ്ചരിച്ചവരും ബ്രിട്ടനിലിറങ്ങി വിമാനം മാറിക്കയറിയവരുമായ എല്ലാവരും മാർഗരേഖയുടെ പരിധിയിൽ വരും.

ജനിതക മാറ്റമുള്ള കൊവിഡ് സ്ഥിരീകരിച്ച് ആദ്യ പരിശോധന കഴിഞ്ഞ് 14 ദിവസത്തിന് ശേഷം വീണ്ടും പരിശോധിക്കണം. തുടർച്ചയായി രണ്ടുതവണ നെഗറ്റീവ് ആകുന്നതുവരെ പരിശോധിക്കണം.

നാലാഴ്ചയ്ക്കിടെ ബ്രിട്ടനിൽ നിന്നെത്തിയ എല്ലാവരുടെയും വിവരങ്ങൾ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അതത് സംസ്ഥാനങ്ങൾക്ക് കൈമാറണം.

നിർദ്ദേശങ്ങൾ

 ഡിസംബർ 21നും 23നും ഇടയിൽ ബ്രിട്ടനിൽ നിന്നെത്തിയ എല്ലാവരും വിമാനത്താവളത്തിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം.
 ഫലം നെഗറ്റീവായാലും ഹോം ഐസൊലേഷനിൽ പോകുന്നത് അഭികാമ്യം.
 ബ്രിട്ടനിൽ നിന്നെത്തി 28 ദിവസത്തിനുള്ളിൽ കൊവിഡ് ലക്ഷണങ്ങളുണ്ടായെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം.
 നവംബർ 25 മുതൽ ഡിസംബർ 9 വരെ ബ്രിട്ടനിൽ നിന്നെത്തിയവർ ജില്ലാ നിരീക്ഷണ ഓഫീസറെ വിവരം അറിയിക്കണം.

 ഡിസംബർ 9 മുതൽ 23 വരെ വന്നവരുടെ വിവരങ്ങൾ സംസ്ഥാന, ജില്ലാ നിരീക്ഷണ ഓഫീസർമാർക്ക് കൈമാറും. ഇന്ത്യയിലെത്തി 14 ദിവസം പ്രതിദിന നിരീക്ഷണം വേണം.

 മറ്റുസംസ്ഥാനങ്ങളിലേക്ക് പോയിട്ടുള്ളവരുടെ വിവരം അതത് ആരോഗ്യ അധികൃതരെ അറിയിക്കണം.

 കണ്ടെത്താൻ കഴിയാത്തവരുടെ വിവരങ്ങൾ സെൻട്രൽ സർവേലിയൻസ് യൂണിറ്റിന് കൈമാറണം

മാറ്റം സ്പൈക്ക് പ്രോട്ടീനിൽ

യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ കണ്ടെത്തൽ പ്രകാരം കൂടുതൽ വ്യാപന ശേഷിയുള്ളതും യുവജനങ്ങളെ കൂടുതലായി ബാധിക്കുന്നതുമാണ് പുതിയ കൊവിഡ് വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 17ഓളം മാറ്റങ്ങളാണ് കണ്ടെത്തിയത്. ഇതിൽ മനുഷ്യ ശരീരത്തിൽ വൈറസിന് ഒട്ടിപ്പിടിച്ചിരിക്കാൻ സഹായിക്കുന്ന സ്‌പൈക്ക് പ്രോട്ടീനിൽ വന്ന മാറ്റമാണ് രോഗപകർച്ചാശേഷി കൂട്ടുന്നതും ആളുകളിലേക്ക് വേഗത്തിൽ പടരാനിടയാക്കുന്നതുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.