
ന്യൂഡൽഹി: ഡൽഹിയിൽ മലയാളി മാദ്ധ്യമപ്രവർത്തകനെ തോക്ക് ചൂണ്ടി ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഡൽഹി ലക്ഷ്മി നഗറിൽ വച്ചാണ് എ.എൻ.ഐയിലെ മാദ്ധ്യമപ്രവർത്തകനായ ജോയ് പിള്ള കവർച്ചയ്ക്കിരയായത്.
ജോയ് താമസസ്ഥലത്തിന് അടുത്തെത്തിയപ്പോൾ മൂന്നംഗ സംഘം ഒരു ബൈക്കിലെത്തി കത്തിയും തോക്കും നീട്ടി ഭീഷണിപ്പെടുത്തി ബാഗും ഫോണും അടക്കമുള്ളവ ആവശ്യപ്പെട്ടു. ഓടി വീട്ടിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ മോഷണ സംഘം മർദ്ധിച്ച് റോഡിലേക്ക് വലിച്ചിട്ടു. ശേഷം ബാഗും ഫോണും അടക്കമുള്ളവയുമായി കടന്നു. മോഷണ സ്ഥലത്തിന് സമീപത്ത് നിന്ന് ജോയിയുടെ ഒരു ഫോൺ കണ്ടെത്തി. ആക്രമണത്തിൽ ജോയിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ശക്കർപ്പൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് മൂന്ന് പേർ അറസ്റ്റിലായി. ജോയുടെ പേഴ്സും ഫോണും അടക്കമുള്ളവ ഇവരിൽ നിന്ന് കണ്ടെടുത്തു.