
ന്യൂഡൽഹി: ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനിൽ പടരുന്ന ജനിതകമാറ്റം വന്ന കൊറോണ വൈറസാണോ ഇവരെ ബാധിച്ചത് എന്നറിയാനുള്ള പരിശോധന പുരോഗമിക്കുകയാണ്. ഡൽഹി വിമാനത്താവളത്തിൽ 5, കൽക്കത്തയിൽ 2, ഗുജറാത്തിൽ 2, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒന്നു വീതം പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഡൽഹി അന്താരാഷ്ട്രവിമാനത്താവളത്തിൽ തിങ്കളാഴ്ച രാത്രി 10.40ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ 5 പേർക്കാണ് ആർ.ടി.പി.സി.ആർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരെ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. 226 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. പുതിയ വൈറസാണോ എന്നറിയാൻ സാമ്പിളുകൾ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലേക്ക് അയച്ചു. അതേസമയം തിങ്കളാഴ്ച രാവിലെ 213 യാത്രക്കാരുമായി ഡൽഹിയിലെത്തിയ ബ്രിട്ടീഷ് എയർവേയേസ് വിമാനത്തിലെ ആർക്കും കൊവിഡില്ല.
ബ്രിട്ടനിൽ നിന്ന് ഡൽഹി വഴി ചെന്നൈയിലെത്തിയാൾക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്റെ സാമ്പിളുകൾ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലേക്ക് അയച്ചതായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ.രാധകൃഷ്ണൻ അറിയിച്ചു.
കൽക്കത്ത വിമാനത്താവളത്തിൽ 222 പേരാണ് ബ്രിട്ടനിൽ നിന്നെത്തിയത്. ഇതിൽ രണ്ടുപേർക്കാണ് രോഗം. ഗുജറാത്തിൽ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പുറമെ രോഗലക്ഷണമുള്ള മൂന്ന് യാത്രക്കാരുടെ പരിശോധനഫലം വരാനുണ്ട്.
അമൃത്സറിൽ 240 പേരാണ് ബ്രിട്ടനിൽ നിന്നെത്തിയത്. ഇവരുടെ പരിശോധനാഫലം ലഭ്യമായിട്ടില്ല. മുംബയിലും ബ്രിട്ടനിൽ നിന്നുള്ള വിമാനമിറങ്ങിയിട്ടുണ്ട്.
അതിനിടെ കഴിഞ്ഞ രണ്ടാഴ്ചയായി ബ്രിട്ടനിൽ നിന്ന് ഡൽഹിയിലെത്തിയവരെ കണ്ടെത്താനായി വീടുവീടാന്തരമുള്ള സർവേ നടത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചു.
ബ്രിട്ടനിൽ നിന്നുള്ള നിരവധി യാത്രക്കാർ ഡൽഹിയിലിറങ്ങി യു.പി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ടെന്നും ഡൽഹിയിലുള്ളവരെ കണ്ടെത്താനാണ് പരിശോധനയെന്നും ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ പറഞ്ഞു.