vaccine

ന്യൂഡൽഹി: ജനുവരിയിൽ കൊവിഡ് വിതരണം തുടങ്ങാനായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ അറിയിച്ചതിന് പിന്നാലെ, രാജ്യത്ത് കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഡിസംബർ അവസാന ആഴ്ചയോടെ എത്തുമെന്ന് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏത് വാക്‌സിനാണ് എത്തുന്നത് എന്നത് വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ ഒരു വാക്‌സിനും രാജ്യത്ത് ഉപയോഗത്തിന് അനുമതി നൽകിയിട്ടില്ല.

ഫൈസർ ഇന്ത്യ, സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ അന്തിമ പരീക്ഷണം നടക്കുന്ന ഓക്‌സഫോർഡ് വാക്‌സിൻ, രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ എന്നിവ അടിയന്തര ഉപയോഗത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.