
ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലെയും കോൺഗ്രസ് അദ്ധ്യക്ഷൻമാരെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മാറ്റും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ നൽകുന്ന റിപ്പോർട്ടിന് ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനം ഹൈക്കമാൻഡ് എടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, ആലുപ്പഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട,പാലക്കാട് തുടങ്ങിയ ജില്ലകളിൽ കോൺഗ്രസിന്റെ പ്രകടനം മോശമായിരുന്നു.താരീഖ് അൻവർ 27ന് കേരളത്തിലെത്തി കെ.പി.സി.സി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. സോണിയഗാന്ധി പുതുതായി കേരളത്തിൻറെ ചുമതല നൽകിയ എ.ഐ.സി.സി സെക്രട്ടറിമാരായ തമിഴ്‌നാട്ടിൽ നിന്നുള്ള മുൻ എം.പി പി. വിശ്വനാഥൻ, കർണാടകയിലെ നേതാക്കളായ ഐവാൻ ഡിസൂസ, പി.വി മോഹൻ എന്നിവരും ഒപ്പമുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പ് തീരുന്നത് വരെ മൂന്ന് എ.ഐ.സി.സി സെക്രട്ടറിമാരും സംസ്ഥാനത്ത് തുടരും. ഇവർക്ക് വടക്ക്, തെക്ക്, മദ്ധ്യ കേരളം എന്നിങ്ങനെ മൂന്ന് മേഖലകളായി ചുമതല വിഭജിച്ചു നൽകും.തൃശൂരും കണ്ണൂരും കോഴിക്കോടും ഒഴികെയുള്ള ജില്ലകളിൽ മിക്കതിലും പുതിയ അദ്ധ്യക്ഷൻമാർ വരുമെന്നാണ് അറിയുന്നത്. ഇരട്ട പദവി വഹിക്കുന്നതിനാൽ പാലക്കാട്ട് വി.കെ ശ്രീകണ്ഠൻ എം.പിയെയും വയനാട്ടിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെയും എറണാകുളത്ത് ടി.ജെ. വിനോദ് എം.എൽ.എയെയും ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാൻ ഏറെക്കുറെ ധാരണയായിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതാക്കൾ പരസ്പരം കുറ്റപ്പെടുത്തി വിവാദം സൃഷ്ടിക്കുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോൺഗ്രസ് ഹൈക്കമാൻഡ് ,പരസ്യ പ്രസ്താവനകൾ വിലക്കിയിരുന്നു. എന്നാൽ, കെ.പി.സി.സി നേതൃത്വത്തിൽ അഴിച്ചുപണിയില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മൻചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി ത്രയങ്ങൾ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടും. രാഹുൽ ഗാന്ധിയും സജീവമായി കേരളത്തിൽ പ്രചാരണത്തിനെത്തും. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള പര്യടനം തുടങ്ങിയ പശ്ചാത്തലത്തിൽ ,യു.ഡി.എഫും മറുപ്രചാരണം ആലോചിക്കുന്നുണ്ട്.