farmers-protest

 ഇന്ത്യൻ എംബസികൾക്ക് മുന്നിൽ പ്രതിഷേധിക്കും

 ബോറിസ് ജോൺസനെ പിന്തിരിപ്പിക്കാൻ ബ്രിട്ടീഷ് എം.പിമാർക്ക് കത്തയക്കും

ന്യൂഡൽഹി: കർഷക നിയമത്തിനെതിരായ പ്രതിഷേധം അന്താരാഷ്ട്രതലത്തിലേക്ക് വ്യാപിപ്പിക്കാനും ഡൽഹിയിലെ സമരം കൂടുതൽ ശക്തമാക്കാനും കർഷക സംഘടനകൾ തീരുമാനിച്ചു. 25, 26 തിയ്യതികളിൽ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളിലെ കർഷകസംഘടനകൾ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ലോസ്ഏഞ്ചലസിൽ ഇന്ത്യൻ എംബസിക്ക് മുന്നിൽ നടന്നതിന് സമാനമായ പ്രതിഷേധമാണ് സംഘടിപ്പിക്കുക. റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിൽ നിന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണനെ പിന്തിരിപ്പിക്കാൻ സമ്മർദ്ധം ചെലുത്തണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ എം.പിമാർക്കും രാഷ്ട്രീയ നേതാക്കൾക്കും കത്തയയ്ക്കുമെന്ന് പഞ്ചാബിൽ നിന്നുള്ള കർഷകനേതാവ് കുൽവന്ത് സിംഗ് സന്തു അറിയിച്ചു.

രാജ്യത്ത് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 26 മുതൽ 28 വരെ ദേശീയപാതകളിലെ ടോൾ പ്ലാസകളിലെല്ലാം നികുതി പിരിക്കാൻ അനുവദിക്കാതെ തുറന്നു കൊടുക്കാനും കർഷക സംഘടനകൾ തീരുമാനിച്ചു.

അതിനിടെ അംബാലയിൽ കർഷകർ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ കരിങ്കൊടി കാണിച്ചു.
അദ്ദേഹത്തിന്റെ വാഹനവ്യൂഹം തടയാനും ശ്രമിച്ചു.

കേന്ദ്രവുമായി ചർച്ച: അന്തിമ തീരുമാനം ഇന്ന്

കേന്ദ്രസർക്കാരുമായി വീണ്ടും ചർച്ച നടത്തണോ എന്നതിൽ അന്തിമ തീരുമാനം ഇന്നെടുക്കും. സമരരംഗത്തുള്ള മുഴുവൻ കർഷക സംഘടനകളുടെയും യോഗം ഇന്ന് സിംഘു അതിർത്തിയിൽ ചേരും. കർഷക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കർഷക നേതാക്കൾ. പ്രശ്നപരിഹാരത്തിനുള്ള കൃത്യമായ വ്യവസ്ഥ കേന്ദ്രം മുന്നോട്ടുവച്ചിട്ടില്ലാത്തതിനാൽ ചർച്ചയ്ക്ക് തിടുക്കം കാണിക്കേണ്ടതില്ലെന്നാണ് പൊതുവായ നിലപാട്.

 ക്രിസ്മസിന് കർഷകരോട് സംവദിക്കാൻ മോദി

ക്രിസ്മസ് ദിനത്തിൽ കർഷകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും. പുതിയ കാർഷികനിയമങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കും. ഓൺലൈൻ വഴിയുള്ള ഈ പരിപാടിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ കീഴിലുള്ള അടുത്ത ഗഡു കൈമാറുന്നതും പ്രഖ്യാപിച്ചേക്കും. രാജ്യത്തെ എട്ടു കോടി കർഷകർക്കായി 18,000 കോടി രൂപയുടെ സഹായധനം പ്രഖ്യാപിക്കാനാണ് നീക്കം.