vote

ന്യൂഡൽഹി: സ്വന്തം മണ്ഡലത്തിലേക്ക് രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതരസംസ്ഥാനങ്ങളിൽ ജോലിചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള മാറ്റം 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ പരീക്ഷാടിസ്ഥാനത്തിൽ ഏർപ്പെടുത്താനാണ്‌ കമ്മിഷന്റെ ഉദ്ദേശം.

ഇതിനായി ഡയനാമിക്‌ വോട്ടിംഗ് മെഷീൻ രൂപകൽപ്പന ചെയ്യാനുള്ള നടപടിക്ക് തയ്യാറെടുക്കുകയാണ് കമ്മിഷൻ. ഇത് വിജയകരമായാൽ, പതിനായിരത്തോളം പുതിയ മെഷീനുകൾ വാങ്ങിയേക്കും. ഡയനാമിക് ബാലറ്റിലൂടെയാണ് പുതിയ സംവിധാനം പ്രവർത്തിക്കുക. ഈ സംവിധാനം നിലവിൽ വരുന്നതോടെ ഒരു വോട്ടിംഗ് മെഷീനിൽ വിവിധ മണ്ഡലങ്ങളിലെ വോട്ട്‌ രേഖപ്പെടുത്താൻ സാധിക്കും.

സംവിധാനത്തെക്കുറിച്ച് പഠിക്കാൻ സെൻട്രൽ ഫോർ ഡവലപ്പ്‌മെന്റ് ഒഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗിന്റെ മുൻ ഡയറക്ടർ ജനറൽ രജത് മൂന്നയുടെ അദ്ധ്യക്ഷതയിൽ ഏഴംഗ ഉപദേശക സമിതി രൂപീകരിച്ചിരുന്നു.