mm-naravane

ന്യൂഡൽഹി: ചൈനയുമായി സംഘർഷ സാദ്ധ്യത നിലനിൽക്കേ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തി കരസേന മേധാവി ജനറൽ എം.എം. നരവനെ. റെചിൻ ലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അദ്ദേഹം നേരിട്ടെത്തി സാഹചര്യങ്ങൾ വിലയിരുത്തി.

ഒരു ദിവസം മുഴുവൻ നീണ്ട നിന്ന സന്ദർശനത്തിനായി ഇന്നലെ രാവിലെ 8.30 ഓടെയാണ് അദ്ദേഹം ലഡാക്ക് അതിർത്തിയിൽ എത്തിയത്. സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തിയ അദ്ദേഹം ഉന്നതഉദ്യോഗസ്ഥരുമായും സൈനികരുമായും സംവദിച്ചു. ഫയർ ആന്റ് ഫ്യൂരി സംഘം നിലയുറപ്പിച്ചിരിക്കുന്ന റെചിൻ ലാ പ്രദേശത്തിയ അദ്ദേഹം പുതിയ കമാൻഡർ ലെഫ്. ജനറൽ പി.കെ.ജി. മേനോനുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ സ്വീകരിച്ചിരിക്കുന്ന മാർഗങ്ങളെക്കുറിച്ച് മേനോൻ നരവനെയോട് വിശദീകരിച്ചു. ക്രിസ്തുമസ് ആഘോഷത്തോട് അനുബന്ധിച്ച് സൈനികർക്ക് കേക്കും മധുര പലഹാരങ്ങളും വിതരണം ചെയ്തു. പ്രതികൂല കാലാവസ്ഥയിലും അതിർത്തിയിൽ ജാഗ്രതയോടെ തുടരുന്ന സൈനികരെ അദ്ദേഹം അഭിനന്ദിച്ചു.

കഴിഞ്ഞ ഏഴ് മാസമായി തുടരുന്ന ഇന്ത്യ - ചൈന അതിർത്തി സംഘർഷങ്ങളുടെ ഭാഗമായി 50,000 സൈനികരെയാണ് കിഴക്കൻ ലഡാക്ക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. മൈനസ് ഡിഗ്രിയാണ് ഇവിടുത്തെ താപനില. ചൈനയും ഇന്ത്യയുടെ അത്രതന്നെ സൈനികരെ തങ്ങളുടെ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്.