
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികൾ 1.01 കോടി കടന്നു. മരണം 1.47 ലക്ഷം. അതേസമയം ചികിത്സയിലുള്ളവരുടെ എണ്ണം ആകെ രോഗികളുടെ 2.86 ശതമാനം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ബുധനാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം 2,89,240 പേരാണ് ചികിത്സയിലുള്ളത്. 26 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പതിനായിരത്തിൽ താഴെ പേർ മാത്രമേ ചികിത്സയിലുള്ളൂ. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിലാണ്. രണ്ടാമത് മഹാരാഷ്ട്ര.
കഴിഞ്ഞ 24 മണിക്കൂറിൽ 23,950 പേർക്ക് പുതുതായി രോഗം റിപ്പോർട്ട് ചെയ്തു. 26,895 പേർ രോഗമുക്തരായി. 333 പേരാണ് മരിച്ചത്.
ആകെ പരിശോധനകളുടെ എണ്ണം 16.5 കോടിയോടടുത്തു. ദേശീയതലത്തിൽ ദശലക്ഷം പേരിലെ പരിശോധന 1,19,035 ആയി. 23 സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിൽ ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ആകെ രോഗമുക്തരുടെ എണ്ണം 96,63,382 ആയി. രോഗമുക്തി നിരക്ക് 95.69 ശതമാനമായി വർദ്ധിച്ചു.
ഡൽഹിയിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയാകുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരത്തിൽ താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണമെന്നും മന്ത്രി അറിയിച്ചു.