
 കർണാടകയിൽ രാത്രി കർഫ്യൂ
 പുതുവത്സര ആഘോഷങ്ങൾക്ക് തമിഴ്നാട്ടിൽ നിയന്ത്രണം
ന്യൂഡൽഹി: ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി വിവിധ സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയ്ക്ക് പിറകെ കർണാടകയും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ജനുവരി രണ്ടുവരെ രാത്രി പത്തുമുതൽ 6 വരെയാണ് കർഫ്യൂ.
ബ്രിട്ടനിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളിൽ നിർബന്ധിത ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകണമെന്നും സർക്കാർ വ്യക്തമാക്കി.
ജനുവരി 2 വരെ രാത്രി പത്തിന് ശേഷം പൊതുയിടങ്ങളിൽ ഒരു ആഘോഷ പരിപാടിയും അനുവദിക്കില്ല. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളെ പുതിയ നിയന്ത്രണം ബാധിക്കും.
നവംബർ 25 മുതൽ ഡിസംബർ എട്ടുവരെ വിദേശത്ത് നിന്നെത്തിയ എല്ലാവരും കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് യു.പി സർക്കാർ നിർദ്ദേശിച്ചു. ഡിസംബർ 9ന് ശേഷം എത്തിയവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധം.
തമിഴ്‌നാട്ടിലും രാജസ്ഥാനിലും ഡിസംബർ 31 മുതൽ ജനുവരി ഒന്നുവരെ പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ബീച്ച്, ഹോട്ടൽ, പബ്ബുകൾ, റോഡുകൾ തുടങ്ങിയവിടങ്ങളിൽ ആളുകൾ കൂടുന്നത് തമിഴ്‌നാട് സർക്കാർ വിലക്കി.
പുതുവത്സര ആഘോഷങ്ങൾ കുടുംബത്തോടൊപ്പം വീട്ടിലാക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. അടുത്ത കുറച്ച് ആഴ്ചകൾ ആളുകൾകൂട്ടം കൂടുന്നതിന് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തി.
ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയവരെ കണ്ടെത്താനായി ഡൽഹിയിൽ വീടുവീടാന്തരമുള്ള പരിശോധന തുടങ്ങി.