
ന്യൂഡൽഹി: ബ്രിട്ടനിൽ അതിവ്യാപനശേഷിയുള്ള പുതിയ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ യു.കെയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ഡൽഹി സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി.
കൊവിഡ് പരിശോധന ഡൽഹിയിൽ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ രാകേഷ് മൽഹോത്ര നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി അടുത്ത ജനുവരി 14ലേക്ക് മാറ്റി. കഴിഞ്ഞ ദിവസം യു.കെയിൽ നിന്നെത്തിയ സംഘത്തിലെ അഞ്ചിലധികം പേർക്ക് കൊവിഡ് കണ്ടെത്തിയിരുന്നു. എന്നാൽ കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.