parliment

ന്യൂഡൽഹി: ഗുജറാത്തിലെ ഒഴിവുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലെയും ഉപതിരഞ്ഞെടുപ്പുകൾ വെവ്വേറെ നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചതോടെ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ സീറ്റ് കോൺഗ്രസിന് നഷ്ടമായേക്കും. നിയമസഭയിൽ ഭൂരിപക്ഷമുള്ള ബി.ജെ.പിക്ക് ഈ രണ്ടു സീറ്റുകളും ലഭിക്കാനാണ് സാദ്ധ്യത.
ബി.ജെ.പിക്ക് 111 എം.എൽ.എമാരാണുള്ളത്. കോൺഗ്രസിന് 65. വിജയിക്കാൻ 88 വോട്ടാണ് വേണ്ടത്.

നവംബർ 25നാണ് കൊവിഡിനെ തുടർന്ന് അഹമ്മദ് പട്ടേൽ മരിച്ചത്. 2023 ആഗസ്റ്റ് 18 വരെയായിരുന്നു സഭയിലെ കാലാവധി. ഡിസംബർ ഒന്നിന് ബി.ജെ.പി എം.പി അഭയ് ഭരദ്വാജ് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് രണ്ടാമത്തെ സീറ്റ് ഒഴിവുവന്നത്. 2026 ജൂൺ ഒന്നിനാണ് ആ സീറ്റിലെ കാലാവധി അവസാനിക്കുക. കഴിഞ്ഞതവണ എം.എൽ.എമാരുടെ കൂറുമാറ്റത്തിനിടെ കടുത്ത മത്സരിത്തിനൊടുവിലാണ് അഹമ്മദ് പട്ടേൽ വിജയിച്ചത്.
കഴിഞ്ഞവർഷം അമിത് ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന രണ്ടു സീറ്റുകളിലും വെവ്വേറെ ഉപതിരഞ്ഞെടുപ്പാണ് നടത്തിയത്. രണ്ടിലും ബി.ജെ.പിയാണ് വിജയിച്ചത്. ഇതിൽ ഒരു സീറ്റിൽ വിജയിച്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ടു ഉപതിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തിയാൽ ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥപ്രകാരം ഒരു സീറ്റ് ജയിക്കാനാവുമെന്നാണ് കോൺഗ്രസ് വാദിക്കുന്നത്. ഈ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഉപതിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം. എന്നാൽ

രാജ്യസഭയിൽ ഒഴിവ് വരുന്നതിന് അനുസരിച്ച് വെവ്വേറെ ഉപതിരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് 2009 മുതലുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ നയമെന്നാണ് കേന്ദ്രസർക്കാർ നിലപാട്.