
ന്യൂഡൽഹി: പ്രായപൂർത്തിയായ ഒരു പെൺകുട്ടി വിവാഹം കഴിക്കുന്നതിലോ സ്വന്തം താത്പര്യ പ്രകാരം മതം മാറുന്നതിലോ ഇടപെടാനാകില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. മകളെ ഇതര മതസ്ഥനായ ഒരാൾ സ്വാധീനം ചെലുത്തി വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി അച്ഛൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ദുർഗാപ്പൂർ ഗ്രാമത്തിലെ നാൽപ്പത്തിനാലുകാരനായ പിതാവ്, ഇതരമതസ്ഥൻ തന്റെ പത്തൊൻപതുകാരിയായ മകളെ ഭീഷണിപ്പെടുത്തി വിവാഹം ചെയ്തുവെന്നും മതപരിവർത്തനത്തിന് വിധേയയാക്കിയെന്നും ആരോപിച്ച് നൽകിയ പരാതിയാണ് തള്ളിയത്. കഴിഞ്ഞ സെപ്തംബറിൽ മകളെ കാണാനില്ലെന്ന് അച്ഛൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പിന്നാലെ യുവതിയെ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ഇവർ മജിസ്‌ട്രേറ്റിന് മൊഴി നൽകി.
എന്നാൽ മജിസ്‌ട്രേറ്റിന് മുന്നിൽ മകൾക്ക് കാര്യങ്ങൾ തുറന്നുപറയാൻ കഴിഞ്ഞില്ലെന്ന് കാട്ടി പിതാവും വീണ്ടും നൽകിയ ഹർജി നൽകുകയായിരുന്നു.
അതേസമയം അച്ഛന്റെ പരാതി പരിഗണിച്ച് ഏറ്റവും മുതിർന്ന അഡിഷണൽ ജില്ലാ ജഡ്ജിക്ക് മുന്നിൽ പെൺകുട്ടിയോട് ഒരിക്കൽ കൂടി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടി മൊഴി നൽകുന്ന സമയത്ത് ഭർത്താവും അച്ഛനുമടക്കമുള്ള ആരും തന്നെ പെൺകുട്ടിയോടൊപ്പം ഉണ്ടാകരുതെന്നും ഭീഷണിക്കോ പ്രലോഭനത്തിനോ ഉള്ള ഒരു സാദ്ധ്യതയും ഇല്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.