jk-election

ന്യൂഡൽഹി : ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാതെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ജമ്മുകാശ്‌മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.

ജമ്മുകാശ്മീർ ജില്ലാ വികസന കൗൺസിലിൽ തിരഞ്ഞെടുപ്പ് ഫലം ആത്മവിശ്വാസം പകരുന്നതാണെന്നും അവർ പറഞ്ഞു.

'ഞങ്ങൾക്കിടയിൽ പല അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും നല്ല ലക്ഷ്യത്തെ മുൻനിറുത്തി ഒരുമിച്ച് നിൽക്കുകയാണെന്ന് ' മെഹ്ബൂബ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയാരെന്ന ചർച്ചകൾ നടത്തും. ഞാൻ മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിക്കില്ല. നരേന്ദ്രമോദിയുമായിട്ടല്ല, കാശ്മീരിന്റെ നല്ല ഭാവിക്കായി ഇന്ത്യൻ പ്രധാനമന്ത്രിയുമായാണ് ഞാൻ സഖ്യത്തിലേർപ്പെട്ടത്. എല്ലാ ആവശ്യങ്ങളും അവർ അംഗീകരിച്ചതായിരുന്നു. എന്നാൽ, സർക്കാർ വീണപ്പോൾ അവർ വാഗ്ദാനങ്ങളിൽ നിന്ന് പിന്നാക്കം പോയെന്നും" മെഹ്ബൂബ കുറ്റപ്പെടുത്തി.


വെന്നിക്കൊടി പാറിച്ച് ഗുപ്കാർ!

ജമ്മു കാശ്മീർ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ഗുപ്കാർ സഖ്യത്തിന് മേൽക്കൈ. ആകെയുള്ള 280 സീറ്റുകളിൽ ഗുപ്കാർ സഖ്യം 110 സീറ്റുകളിൽ (ജമ്മു- 26, കാശ്‌മീർ -84) വിജയിച്ചു. എന്നാൽ 75 സീറ്റുകൾ (ജമ്മു - 72, കാശ്‌മീർ - 3)നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസ് 26 സീറ്റുകളിൽ (ജമ്മു - 17, കാശ്‌മീർ- 9) ജയിച്ചു. സി.പി.എം. അഞ്ചു സീറ്റുകൾ നേടി. കോൺഗ്രസും ഗുപ്കാർ സഖ്യവും ചേർന്ന് 20 ജില്ലകളിൽ 13 എണ്ണത്തിന്റെ ഭരണം പിടിച്ചു.

ഫാറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ്, മെഹബൂബ മുഫ്തിയുടെ പി.ഡി.പി. തുടങ്ങി ജമ്മു കാശമീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആറ് പാർട്ടികൾ ചേർന്നുള്ളതാണ് ഗുപ്കാർ സഖ്യം.