ന്യൂഡൽഹി: ഫിലിംസ് ഡിവിഷൻ, ചലച്ചിത്രോത്സവ ഡയറക്ടറേറ്റ്, നാഷണൽ ഫിലിം ആർക്കൈവ്‌സ് ഓഫ് ഇന്ത്യ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി എന്നിവയാണ് നാഷണൽ ഫിലിം ഡവലപ്‌മെന്റ് കോർപ്പറേഷൻ (എൻ.എഫ്.ഡി.സി) ലിമിറ്റഡിൽ ലയിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ഒരു കോർപ്പറേഷന് കീഴിൽ എല്ലാ യൂണിറ്റുകളും ലയിപ്പിക്കുന്നതിലൂടെ വിവിധ പ്രവർത്തനങ്ങളുടെയും വിഭവങ്ങളുടെയും മികച്ച ഏകോപനം സാധ്യമാക്കാനാണ് ലയനമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഈ മീഡിയ യൂണിറ്റുകൾ ലയിപ്പിക്കുന്നതിന് അംഗീകാരം നൽകിയതിനൊപ്പം സ്വത്തുക്കൾ, ജീവനക്കാർ എന്നിവയുടെ പങ്കിടലിനും മറ്റു പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായി നടത്തിപ്പ് ചുമതലക്കാരനെയും നിയമോപദേഷ്ടാവിനെയും നിയമിക്കാനും തീരുമാനമായി. ജീവനക്കാരെ ഒഴിവാക്കാതെ അവരുടെ താത്പര്യങ്ങൾ മാനിച്ചാകും നടപടികൾ.

ഫിലിം മീഡിയ യൂണിറ്റുകൾ ലയിപ്പിച്ചതോടെ ചലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകും. ഒടിടി പ്ലാറ്റ്‌ഫോമുകൾക്കുള്ള ചലച്ചിത്രങ്ങളും മറ്റും, കുട്ടികൾക്കുള്ള ചിത്രങ്ങൾ, അനിമേഷൻ, ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ എന്നിവയുൾപ്പെടെ ഇന്ത്യൻ സിനിമയുടെ എല്ലാ തരത്തിലുള്ള ഫീച്ചർ ഫിലിമുകളിലും സന്തുലിതവും കേന്ദ്രീകൃതവുമായ വികസനം ഉറപ്പാക്കുക എന്നതാണ് പുതിയ നടപടികൾ ലക്ഷ്യമിടുന്നത്. ഒരേ പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാനും അതിലൂടെ നഷ്ടമുണ്ടാകുന്നതു കുറയ്ക്കാനും ഈ നടപടികൾവഴി സാധിക്കും.