farmers-strike

ന്യൂഡൽഹി: വ്യക്തമായ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചാൽ കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് കർഷക സംഘടനകൾ. ഭേദഗതികളല്ല, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് സംയുക്ത കിസാൻ മോർച്ച ആവർത്തിച്ചു. സമാധാനപരമായി നടക്കുന്ന കർഷക പ്രക്ഷോഭത്തെ അവഹേളിച്ച് തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായും കൃഷി മന്ത്രാലയം ജോ.സെക്രട്ടറി വിവേക് അഗർവാളിന് അയച്ച കത്തിൽ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് വ്യക്തമായ നിർദേശങ്ങൾ സർക്കാർ മുന്നോട്ടുവെയ്ക്കാതെ ചർച്ചയിൽ കാര്യമില്ലെന്നും ഇന്നലെ സിംഘു അതിർത്തിയിൽ ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ യോഗം നിലപാടെടുത്തു.

കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാണ് ഡിസംബർ അഞ്ചിന് നടന്ന ചർച്ചയിൽ ആവശ്യപ്പെട്ടത്. സർക്കാർ തലത്തിൽ കൂടിയാലോചന നടത്തി അറിയിക്കാമെന്നാണ് കൃഷിമന്ത്രി പറഞ്ഞത്. എന്നാൽ അതുണ്ടായില്ല. അന്നത്തെ ചർച്ചയിൽ പറഞ്ഞ കാര്യങ്ങളാണ് ഡിസംബർ 9ന് നൽകിയ കത്തിലുമുള്ളത്. ഭേദഗതികളല്ല വേണ്ടത്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ തന്നെ ബാധിക്കുന്ന പുതിയ നിയമങ്ങൾ പൂർണമായും പിൻവലിക്കണം. ഇക്കാര്യത്തിൽ കേന്ദ്രം വ്യക്തമായ പരിഹാരം നിർദ്ദേശിക്കണം. മിനിമം താങ്ങുവില തുടരുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും എങ്ങനെ അത് ഉറപ്പാക്കുമെന്നതും സംഭരണത്തിന്റെ കാര്യത്തിലും വ്യക്തതയില്ല. പുതിയ വൈദ്യുതി ബില്ലിന്റെ കരടിലും പ്രായോഗിക നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ടുവയ്ക്കുന്നില്ല. എന്നാൽ കർഷകസമരവുമായി ബന്ധമില്ലാത്ത കടലാസ് സംഘടനകളുമായി സമാന്തരചർച്ച നടത്തുകയാണ് കേന്ദ്രസർക്കാർ. ഒരിക്കലും ചർച്ചയ്ക്ക് എതിരല്ല. കൃത്യമായ നിർദേശങ്ങൾ സർക്കാർ മുന്നോട്ടുവയ്ക്കണമെന്നും സംയുക്ത കിസാൻ മോർച്ച കത്തിൽ വ്യക്തമാക്കി.

ചർച്ചയ്ക്ക് തയ്യാറാണെന്നും ദിവസവും സമയവും നിശ്ചയിച്ച് അറിയിക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ‌ കഴിഞ്ഞദിവസം കർഷക സംഘടനകൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടത്. അതിനിടെ കർഷക ക്ഷേമത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കർഷകർ ഉടൻ സമരം അവസാനിപ്പിക്കുമെന്നാണ് കരുതുന്നതെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

 അടുത്ത ഗഡു നാളെ

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി വഴിയുള്ള ധന സഹായത്തിന്റെ അടുത്ത ഗഡു വിതരണം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ഒറ്റ ക്ലിക്കിലൂടെ 18,000 കോടിയിലധികം രൂപ ഗുണഭോക്താക്കളായ 9 കോടിയോളം കർഷക കുടുംബങ്ങൾക്ക് പ്രധാനമന്ത്രി കൈമാറുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും.