sc

ന്യൂഡൽഹി:കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷസ്ഥാനങ്ങളുടെ സംവരണക്രമം മാറ്റേണ്ടതില്ലെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീം കോടതി അവധിക്കാല ബെഞ്ച് തള്ളി. തിരഞ്ഞടുപ്പ് നടപടികൾ പൂർത്തിയായതിനാൽ സംവരണക്രമം മാറ്റാൻ അവസാനനിമിഷം ഇടപെടാനാവില്ലെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനർജിയും ഹേമന്ത് ഗുപ്തയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷ പദവി തുടർച്ചയായി സംവരണം ചെയ്യരുതെന്നാണ് ഭരണഘടനയിലെ വ്യവസ്ഥയെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ ചട്ടം നിരന്തരം ലംഘിക്കുകയാണെണെന്നും ഹർജിയിൽ ആരോപിച്ചു.

നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സംവരണം നിശ്ചയിക്കുന്നതെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകർ വ്യക്തമാക്കി.

എന്നാൽ തിരഞ്ഞെടുപ്പ് നടപടികൾ 16ന് അവസാനിച്ചു. 30ന് പഞ്ചായത്ത് പ്രസിഡന്റുമാരെ തിരഞ്ഞെടുക്കും. ഈ നടപടികളിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

2015 - 2020, 2020 - 2025 കാലയളവുകളിൽ തുടർച്ചയായി പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്‌ത,​ പത്തനംതിട്ട കടമ്പനാട് പഞ്ചായത്തിലെ അദ്ധ്യക്ഷപദവി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച സംവരണക്രമം മാറ്റേണ്ടെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെ കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വോട്ടറായ ശിവദാസനാണ് സുപ്രീംകോടതിയെ സമീപിച്ചത്.