sc

ന്യൂഡൽഹി : ശബരിമല ദിനംപ്രതി പ്രവേശിപ്പിക്കുന്ന തീർത്ഥാടകരുടെ എണ്ണം 2000ത്തിൽ നിന്ന് 5000 ആയി ഉയർത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകി.

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ വസ്‌തുതകൾ പരിഗണിക്കാതെയാണ് ഹൈക്കോടതി തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചതെന്ന് ഹർജിയിൽ പറയുന്നു. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ആരോഗ്യ, റവന്യൂ, ദേവസ്വം വകുപ്പുകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ബ്രിട്ടനിൽ ഉൾപ്പടെ ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് അതിവേഗം വ്യാപിക്കുകയാണ്. വൈറസിനെ പൂർണമായും നിർമ്മാർജനം ചെയ്തിട്ടില്ല. അതിനാൽ ആശങ്ക തീവ്രമാണ്. ശബരിമലയിൽ ഇതിനകം പൊലീസുകാരും ദേവസ്വം ജീവനക്കാരും തീർത്ഥാടകരും ഉൾപ്പെടെ 250ലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും ഹർജിയിൽ പറയുന്നു.

കൊവിഡ് കണക്കിലെടുത്ത് തിങ്കൾ മുതൽ വെള്ളി വരെ 2000 പേരെയും ശനി ഞായർ ദിവസങ്ങളിൽ 3000 പേരെയും ശബരിമലയിൽ പ്രവേശിപ്പിക്കാം എന്നാണ് ചീഫ് സെക്രട്ടറിയുടെ ഉന്നത തല സമിതി തീരുമാനിച്ചത്. അതാണ് ഹൈക്കോടതി റദ്ദാക്കിയത്. 5000 പേരെ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് കേരള ഹൈക്കോടതിയിൽ ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് കോടതിയലക്ഷ്യ ഹ‌ർജിയും നൽകി. ഇതിന് പിന്നാലെ 5000 പേരെ പ്രവേശിപ്പിക്കാനുള്ള രജിസ്‌ട്രേഷൻ കേരള പൊലീസ് ആരംഭിച്ചിരുന്നു. ഇതോടെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.