
നിയമസഭാ തിരഞ്ഞെടുപ്പിൽ കൈകോർക്കും
ന്യൂഡൽഹി:പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി. ജെ. പിക്കെതിരെ സി.പി.എമ്മുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകി. ഇന്നലെ സോണിയാ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര പ്രവർത്തക സമിതിയാണ് തീരുമാനമെടുത്തത്. ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യമറിയിച്ചത്.
ബി.ജെ.പിയെ തോൽപ്പിക്കാനും തൃണമൂലിനെ അധികാരത്തിൽ നിന്ന് ഇറക്കാനും കോൺഗ്രസ് ഉൾപ്പെടെയുള്ള ജനാധിപത്യ മതേതര കക്ഷികളുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് സി.പി.എം കേന്ദ്ര കമ്മിറ്റി ബംഗാൾ പാർട്ടി ഘടകത്തിന് നേരത്തേ അനുമതി നൽകിയിരുന്നു.
പശ്ചിമബംഗാളിൽ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി അതിശക്തമായ പ്രചാരണം നടത്തുന്ന പശ്ചാത്തലത്തിലാണ് നിർണായക തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡും എടുത്തത്. സംസ്ഥാനതലത്തിൽ ചില നീക്കുപോക്കുണ്ടായിരുന്നെങ്കിലും ഇരുപാർട്ടികളും സഖ്യത്തിന് ഔദ്യോഗികമായി സമ്മതം മൂളുന്നത് ആദ്യമാണ്.
സി.പി.എമ്മുമായി സഖ്യം വേണമെന്ന് ബംഗാൾ കോൺഗ്രസ് ഘടകം ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി കഴിഞ്ഞ മാസം അധീർ രഞ്ജൻ ചൗധരിയടക്കമുള്ള ബംഗാൾ നേതാക്കളുമായി വീഡിയോ കോൺഫറൻസിംഗ് നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ ധാരണയുണ്ടാക്കിയില്ലെങ്കിൽ ദയനീയമായി പരാജയപ്പെടുമെന്ന് നേതാക്കൾ രാഹുലിനോട് വ്യക്തമാക്കി. ഇക്കാര്യം സോണിയഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് രാഹുൽ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ കാരണം സോണിയ ഗോവയിൽ വിശ്രമത്തിലായിരുന്നതിനാൽ തീരുമാനം നീണ്ടുപോവുകയായിരുന്നു.
കേന്ദ്രകമ്മിറ്റിയുടെ അനുമതിയില്ലാതെ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സംസ്ഥാന സി.പി.എം ഘടകം സഹകരിച്ചിരുന്നു. ഇത് പാർട്ടി തീരുമാനത്തിന് വിധേയമല്ലെന്ന് കേന്ദ്രകമ്മിറ്റി പിന്നീട് വിലയിരുത്തുകയും തിരുത്താൻ ആവശ്യപ്പെടുകയും ചെയ്തു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചില സീറ്റുകളിൽ കോൺഗ്രസും സി.പി.എമ്മും ധാരണയുണ്ടാക്കാൻ ശ്രമിച്ചിരുന്നെങ്കിലും സംസ്ഥാന കോൺഗ്രസിലെ വടംവലി കാരണം നടന്നിന്നില്ല.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുന്നിൽ നിർത്തില്ല
ഇടത് സഖ്യത്തിൽ അസാധാരണമായി ഒന്നുമില്ലെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. സീറ്റ് ചർച്ചകളിലേക്ക് കടന്നിട്ടില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് സഖ്യം അനിവാര്യമാക്കിയത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയായിരിക്കും പ്രചാരണം. ബംഗാളിൽ ബി.ജെ.പിയെ വളരാൻ സഹായിച്ചത് മമതയാണ്. ലോക്‌സഭയിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയെങ്കിലും അത് നിയമസഭയിൽ ആവർത്തിക്കില്ല. ഇടത് പാർട്ടികളുമായി നിലവിൽ പ്രക്ഷോഭരംഗത്ത് സഹകരിക്കുന്നുണ്ട്. ബി.ജെ.പിക്ക് പ്രാദേശിക നേതാക്കളില്ല. അതുകൊണ്ട് ഡൽഹിയിൽ നിന്ന് നേതാക്കളെ ഇറക്കുകയാണെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു.