
ന്യൂഡൽഹി: ബ്രിട്ടനിൽ നിന്ന് വിമാനത്തിൽ ഡൽഹിയിലെത്തുകയും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത രണ്ട് യാത്രക്കാർ ക്വാറന്റൈൽ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി.
പഞ്ചാബ്, ആന്ധ്രാപ്രദേശ് സ്വദേശികളാണ് ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് അനുമതിയില്ലാതെ നാടുകളിലേക്ക് മടങ്ങിയത്. തുടർന്ന് ഇവരെ കണ്ടെത്തി നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.
തിങ്കളാഴ്ച ഡൽഹിയിലെത്തിയെ 47 വയസുള്ള സ്ത്രീക്ക് റാപ്പിഡ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ കൂട്ടാനായി എത്തിയ മകന്റെ പരിശോധനാഫലം നെഗറ്റീവായി. സഫ്ദർജങ് ആശുപത്രിലേക്ക് മാറ്റിയ സ്ത്രീക്ക് രോഗലക്ഷണങ്ങളില്ലാത്തതിനാൽ ഹോം ഐസോലേഷനാണ് നിർദേശിച്ചത്. എന്നാൽ ഇവർ മകനേയും കൂട്ടി ആന്ധ്ര സ്‌പെഷ്യൽ ട്രെയിനിൽ രാജമുദ്രിയിലേക്ക് പോകുകയായിരുന്നു.
ഇന്നലെ രാത്രി രാജമുദ്രിയിലെത്തിയ ഇവരെ റെയിൽവെ പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണമില്ലാത്തതിനാലാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് ബ്രിട്ടനിൽ അദ്ധ്യാപികയായ സ്ത്രീ ഉദ്യോഗസ്ഥരോട് പറഞ്ഞു. ട്രെയിനിൽ ഇവർക്കൊപ്പം യാത്ര ചെയ്തവരെ കണ്ടെത്താൻ ശ്രമിക്കുകയാണ്.
ബ്രിട്ടനിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച ശേഷം നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ലുധിയാന സ്വദേശിയാണ് മുങ്ങിയത്.
ഇയാൾ ലുധിയാനയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്വയം പരിശോധനയ്ക്ക് വിധേയനായെങ്കിലും ഡൽഹിയിലേക്ക് തിരിച്ചയച്ചു.ഇയാളുമായി സമ്പർക്കമുള്ളവരെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്.