
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തി സ്തംഭിപ്പിച്ചുള്ള കർഷക സമരം ഒരു മാസത്തിലേക്കടുക്കവേ, കർഷകരെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം. കഴിഞ്ഞദിവസം അയച്ചതു പോലെ തന്നെ, സ്ഥലവും തീയതിയും അറിയിക്കാതെയാണ് കൃഷിമന്ത്രാലയ ജോ.സെക്രട്ടറി വിവേക് അഗർവാൾ വീണ്ടും കത്തയച്ചത്. വ്യക്തമായ നിർദ്ദേശങ്ങളുണ്ടെങ്കിൽ മാത്രമേ ചർച്ചയ്ക്കുള്ളൂവെന്ന് ബുധനാഴ്ച കേന്ദ്രസർക്കാരിനെ ദില്ലി ചലോ സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച അറിയിച്ചിരുന്നു.
എന്നാൽ തങ്ങൾ തള്ളിയ പഴയ ശുപാർശകൾ ആവർത്തിച്ച് കേന്ദ്രസർക്കാർ സമയവും തീയതിയും അറിയിക്കാതെ ചർച്ചയ്ക്ക് ക്ഷണിച്ച് വീണ്ടും കത്തയച്ചതിൽ കർഷകർക്ക് അതൃപ്തിയുണ്ട്. ചർച്ച നീട്ടിക്കൊണ്ടുപോകാനുള്ള കേന്ദ്രസർക്കാരിന്റെ തന്ത്രമാണിതെന്നാണ് നേതാക്കളുടെ ആരോപണം. പുതിയ കത്ത് സംബന്ധിച്ച് നിലപാടെടുക്കാൻ വീണ്ടും സംയുക്ത കിസാൻ മോർച്ച യോഗം ചേരും.
കാർഷിക നിയമങ്ങളെക്കുറിച്ച് തുറന്ന മനസോടെ സർക്കാർ ചർച്ചയ്ക്ക് ഒരുക്കമാണെന്ന് വിവേക് അഗർവാൾ കത്തിൽ ആവർത്തിച്ചു. മിനിമം താങ്ങുവിലയും കാർഷികനിയമങ്ങളും തമ്മിൽ ബന്ധമില്ലാത്തതിനാൽ താങ്ങുവിലയുമായി ബന്ധപ്പെട്ട് പുതിയൊരു ആവശ്യവും അജൻഡയിൽ ഉൾപ്പെടുത്തുന്നത് യുക്തസഹമല്ല. നിശ്ചിതനിരക്കിലുള്ള സംഭരണത്തേയും പുതിയ നിയമങ്ങൾ ബാധിക്കില്ല. താങ്ങുവിലയുടെ കാര്യത്തിൽ രേഖാമൂലം ഉറപ്പു നൽകാമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും കത്തിൽ പറഞ്ഞു.
അതിനിടെ യു.പി ഭാഗ്പതിൽ നിന്നുള്ള കിസാൻ മസ്ദൂർ സംഘ് കൃഷിമന്ത്രി തോമറിനെ കണ്ട് കർഷക നിയമങ്ങളിൽ പിന്തുണറിയിച്ചു. ഇന്ന് മോദി സംഘടിപ്പിക്കുന്ന കർഷകരുമായുള്ള സംവാദത്തിൽ പങ്കെടുക്കും.
പുതിയ കാർഷിക നിയമങ്ങളിൽ നിരവധി ഭേദഗതികൾ ആവശ്യമാണെന്ന് ഹരിയാനയിലെ ബി.ജെ.പി സഖ്യകക്ഷിയായ ജെ.ജെ.പിയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ഹരിയാനയിലെ കർഷകർക്ക് താങ്ങുവില ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജിവയ്ക്കുമെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.
കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ നുണപറയുകയാണെന്ന പ്രധാനമന്ത്രിയുടെ ആരോപണം പ്രതിപക്ഷ പാർട്ടികൾ തള്ളി. പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ യാഥാർത്ഥ്യത്തെ അപഹസിക്കലാണെന്ന് കോൺഗ്രസ്, എൻ.സി.പി, സി.പി.എം, സി.പി.ഐ, ഡി.എം.കെ, ആർ.ജെ.ഡി,എസ്.പി, സി.പി.എം.എൽ, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് എന്നീ പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ആവശ്യമെങ്കിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നാസിക്കിലെ കർഷകർ ഇന്നെത്തും
കിസാൻസഭയുടെ നേതൃത്വത്തിൽ നാസിക്കിൽ നിന്ന് പുറപ്പെട്ട 'ഡൽഹി ചലോ' ലോംഗ് മാർച്ച് ഇന്ന് ജെയ്പുർ ദേശീയപാതയിലെ ഷാജാപുരിലെ സമരകേന്ദ്രത്തിൽ എത്തിച്ചേരും. ഇവിടെ ഉപരോധം കൂടുതൽ ശക്തമാക്കും. ഇന്നും നാളെയും പഞ്ചാബിലും ഹരിയാനയിലും ടോൾ പ്ലാസകൾ തുറന്നുകൊടുത്തുള്ള സമരം നടത്തും. ഞായറാഴ്ച പ്രധാനമന്ത്രി നടത്തുന്ന മൻ കീ ബാത്തിനിടെ പാത്രം കൊട്ടി പ്രതിഷേധിക്കും. മദ്ധ്യപ്രദേശിൽ കോൺഗ്രസ് എം.എൽ.എമാർ ഡിസംബർ 28ന് നിയമസഭയിലേക്ക് ട്രാക്ടറിലെത്തും. കോർപറേറ്റ് താത്പര്യം സംരക്ഷിക്കാനാണ് പുതിയ കാർഷിക നിയമങ്ങളെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിലെ ഹർജിയിൽ കക്ഷി ചേരാൻ ഭാരതീയ കിസാൻ യൂണിയൻ (ലോക് ശക്തി) സുപ്രീംകോടതിയെ സമീപിച്ചു.
മോദി കർഷകരുമായി സംവദിക്കും
കർഷക സമരം രൂക്ഷമായി തുടരുന്നതിനിടെ ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയ കോൺഫറൻസിലൂടെ സംവദിക്കും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലെ അടുത്ത ഗഡു വിതരണവും നടത്തും. 18,000 കോടിയിലധികം രൂപ ഗുണഭോക്താക്കളായ 9 കോടിയോളം കർഷക കുടുംബങ്ങൾക്കാണ് വിതരണം ചെയ്യുക.