
ന്യൂഡൽഹി: ലഡാക്കിലെ സോ കർ മേഖലയെ 42-ാമത്തെ റാംസർ പ്രദേശമായി ഇന്ത്യ കൂട്ടിച്ചേർത്തു.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കറാണ് ട്വിറ്റർ സന്ദേശത്തിൽ ഇക്കാര്യം അറിയിച്ചത്. രണ്ട് പ്രധാന ജലാശയങ്ങളടങ്ങിയ ഉയർന്ന മേഖലയിലുള്ള തണ്ണീർത്തട പ്രദേശമാണ് സോ കർ ബേസിൻ. ബേർഡ് ലൈഫ് ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് എ 1 കാറ്റഗറിയിൽ വരുന്ന സുപ്രധാന ബേർഡ് ഏരിയയാണ് (ഐ.ബി.എ) സോ കർ ബേസിൻ.
'ആഗോള ജൈവ വൈവിധ്യത്തിന്റെ സംരക്ഷണത്തിനും അവയുടെ ആവാസവ്യവസ്ഥയുടെ ഘടകങ്ങൾ, പ്രക്രിയകൾ, നേട്ടങ്ങൾ എന്നിവ പരിപാലിക്കുന്നതിലൂടെ മനുഷ്യജീവിതം നിലനിറുത്തുന്നതിനും പ്രധാന തണ്ണീർത്തടങ്ങളുടെ അന്താരാഷ്ട്ര ശൃംഖല വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക' എന്നതാണ് റാംസർ പട്ടികയുടെ ലക്ഷ്യം. ഈ പ്രദേശത്തിന്റെ വിവേക പൂർണമായ ഉപയോഗം ഉറപ്പാക്കാൻ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ലഡാക്ക് തണ്ണീർത്തട അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കും.