
ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ വിതരണത്തിന് സംസ്ഥാനം പൂർണ സജ്ജമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
ആദ്യഘട്ടത്തിൽ മുൻഗണനാവിഭാഗത്തിൽ 51 ലക്ഷം പേർക്ക് കൊവിഡ് വാക്‌സിൻ നൽകും. ആരോഗ്യ പ്രവർത്തകർ, മുന്നണി പ്രവർത്തകർ, വയസായവർ എന്നിവർക്കായിരിക്കും ആദ്യം. ആദ്യഘട്ടത്തിനായി 1.02 കോടി ഡോസ് വാക്‌സിൻ ആവശ്യമാണ്. 74 ലക്ഷം ഡോസുകൾ സംഭരിക്കാനുള്ള ശേഷി ഇപ്പോഴുണ്ട്. ഇത് ഒരാഴ്ചയ്ക്കുള്ളിൽ 1.15 കോടിയായി ഉയർത്തും. വാക്‌സിൻ സ്വീകരിക്കേണ്ടവർ രജിസ്റ്റർ ചെയ്യണം. വാക്സിൻ സ്വീകരിക്കാനെത്തേണ്ട സമയം എസ്.എം.എസ് വഴി അറിയിക്കും. വാക്‌സിൻ വിതരണത്തിനായി ആവശ്യമായ ജീവനക്കാരെയും ആരോഗ്യപ്രവർത്തകരെയും കണ്ടെത്തി പരിശീലനം നൽകിയെന്നും അദ്ദേഹം അറിയിച്ചു.