
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാനുള്ള കേരള സർക്കാരിന്റെ ശുപാർശ തള്ളിയ ഗവർണർക്ക് ഡൽഹിയിൽ സമരം ചെയ്യുന്ന കർഷക സംഘടനകൾ പ്രതിഷേധ കത്തയച്ചു.
നിയമത്തിനെതിരെ കേരളം പ്രമേയം പാസാക്കിയാൽ രാജ്യവ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഉത്തേജനം പകരുമെന്ന് 182 കർഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാൻ മഹാസംഘ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്തിൽ പറയുന്നു. നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് സംസ്ഥാന കൃഷിമന്ത്രിയോട് തങ്ങൾ ആവശ്യപ്പെട്ടിരുന്നതായി ദേശീയ കോർഡിനേറ്റർ കെ.വി ബിജു കത്തിൽ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം അത് ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു.
കർഷകരെ ദ്രോഹിക്കുന്ന നിയമങ്ങളെ രാഷ്ട്രീയക്കാരനപ്പുറം നിയമവിദഗ്ദ്ധൻ കൂടിയായ അങ്ങ് പിന്തുണയ്ക്കുമെന്ന് കരുതുന്നില്ല. കടുത്ത തണപ്പിലും സമരം തുടരുന്നതിനിടെ 31 കർഷകർ മരിച്ചു. കർഷകരുടെ ആശങ്കകൾ മനസിലാക്കണമെന്നും തങ്ങളെ പിന്തുണയ്‌ക്കക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.