marriage

അവൻ ഒരു ഫാക്‌ടറിയിലെ സൂപ്പർവൈസർ. പഠനത്തിനൊത്ത് അല്‌പം ഉയർന്ന വരുമാനമുള്ളൊരു ജോലിക്കായുള്ള അന്വേഷണത്തിലും. അവൾ അവസാന വർഷ ബിരുദ വിദ്യാർത്ഥി. സർക്കാർ ജോലിക്കായുള്ള തയാറെടുപ്പിലുമായിരുന്നു. 2017ലെ മഞ്ഞുകാലത്ത് ഇരുവരും ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ഒരു കോച്ചിംഗ് സെന്ററിൽ കണ്ടുമുട്ടി. സൗഹൃദം പ്രണയത്തിന് വഴിമാറി. പ്രണയം പൂത്തുതളിർത്ത് മുന്നോട്ട് പോകുന്നതിനിടെ വീട്ടുകാരിൽ സംശയം ജനിച്ചു. സിമ്രാന്റെ പിതാവ് മകളുടെ ഫോൺ പരിശോധിച്ചു. പ്രണയം കൈയ്യോടെ പിടിക്കപ്പെട്ടു. പ്രായപൂർത്തിയായ മകൾ പ്രണയിച്ചുവെന്നതിനെക്കോൾ ഇതര മതസ്‌ഥനായ മുഹമ്മദ് ഷമീമിനെ പ്രണയിച്ചുവെന്നതാണ് വീട്ടുകാരെ ചൊടിപ്പിച്ചത്. പിതാവ് സിമ്രാന്റെ ഫോണും പുസ്തകങ്ങളും വസ്ത്രങ്ങളും തീയിലെറിഞ്ഞു. സിമ്രാന് ഇരുട്ടുമുറിയിലെ വാസവും വിധിക്കപ്പെട്ടു. ഇതിനിടെ സിമ്രാനെ ഒപ്പം കൂട്ടി സുഖസുന്ദരമായൊരു ജീവിതം കെട്ടിപ്പടുക്കാൻ ഷമീം ഡൽഹിയിലേക്ക് വണ്ടി കയറി. 2019 അവസാനത്തോടെ ജോലി തരപ്പെട്ടു. എതിർപ്പുകൾക്കിടയിലും 2020 ഏപ്രിലിൽ നാട്ടിലെത്തി സിമ്രാനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. അടുത്ത വില്ലനായി കൊവിഡെത്തി. കൊവിഡിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് നിവർന്ന് നിൽക്കുന്നതിനിടെ എത്തി മുഖ്യമന്ത്രിയുടെ വക അടുത്ത പ്രഹരം. ലവ് ജിഹാദ് തടയാനെന്ന പേരിൽ യു.പി സർക്കാർ കൊണ്ടുവന്ന പുതിയ നിയമം. വിവാഹത്തിനായി മതപരിവർത്തനം നടത്താൻ യാതൊരു അവകാശവും കമിതാക്കൾക്കില്ല. എന്നാൽ സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്‌റ്റർ ചെയ്യാൻ മുപ്പത് ദിവസം മുൻപ് അപേക്ഷ നൽകണം. അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെ ആ വിവരം ആരെങ്കിലും അറിഞ്ഞാൽ, മതപരിവർത്തനത്തിന് ശ്രമം നടക്കുന്നെന്ന് ആരോപിച്ച് കേസ് നൽകും. കഴിഞ്ഞ 10 ന് ലൗ ജിഹാദിന് ശ്രമിച്ചെന്ന് ആരോപിച്ച് തങ്ങളുടെ ഗ്രാമത്തിൽ ദമ്പതികളെ പൊലീസ് സ്റ്റേഷനിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവവും ഷമീം ഓർക്കുന്നു. ഗോമാംസം കൈവശം വച്ചെന്നാരോപിച്ച് മനുഷ്യനെ പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്ന നാട്ടിൽ തങ്ങളുടെ സത്യവും സ്‌നേഹവുമൊക്കെ മനസിലാക്കാൻ ആർക്കാണ് സമയമെന്നും ഷമീം ചോദിക്കുന്നു.

ഒന്നൊന്നര നിയമം
നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം തടയൽ ഓർഡിനൻസിന് കഴിഞ്ഞ നവംബർ 25നാണ് യോഗി ആദിത്യനാഥ് സർക്കാർ ശുപാർശ ചെയ്തത്. ഓർഡിനൻസിന് ഗവർണർ ആനന്ദി ബെൻ പട്ടേൽ അംഗീകാരം നൽകി. പുതിയ നിയമപ്രകാരം കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്കു 10 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ലഭിക്കും.
ഓർഡിനൻസ് അനുസരിച്ച്, ഒരു സ്ത്രീ വിവാഹത്തിനായി മതപരിവർത്തനം നടത്തിയാൽ ആ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. വിവാഹശേഷം മതം മാറാനാഗ്രഹിക്കുന്നവർ കളക്‌ടർക്ക് അപേക്ഷ നൽകണം. ആരെങ്കിലും അവരുടെ യഥാർത്ഥ മതത്തിലേക്ക് മടങ്ങുകയാണെങ്കിൽ, അത് മതപരിവർത്തനമായി കണക്കാക്കില്ല.
മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രതിക്കാണ്. നിയമലംഘനമുണ്ടായാൽ, മതപരിവർത്തനത്തിന് ഇരയായ ആൾക്ക് പ്രതികൾ നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ വരെ നൽകേണ്ടിവരും. പിഴയ്‌ക്ക് പുറമേയാണിത്. ഓർഡിനൻസി നു കീഴിൽ മുമ്പ് ശിക്ഷിക്കപ്പെട്ടവരെ അതേ കുറ്റത്തിനു വീണ്ടും പിടികൂടിയാൽ അവർ ഇരട്ടശിക്ഷയ്‌ക്ക് വിധേയരാകും.


നിയമം പ്രാബല്യത്തിൽ വന്ന് 20 ദിവസത്തിനിടെ ഇരുപത്തിയഞ്ചോളം പേരെയാണ് 11 എഫ്.ഐ.ആറുകളായി യു.പിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യവും ഉത്തരവുമില്ല. പൊതിരെ മർദ്ദനം. യു.പി സർക്കാറിനു പുറമേ മധ്യപ്രദേശിലും ഈ നിയമം നടപ്പാക്കി കഴിഞ്ഞു. ഹരിയാന, കർണാടക സംസ്ഥാനങ്ങൾ 'ലവ് ജിഹാദ്' വിരുദ്ധ നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ്. വിവാഹത്തിന് ഒരു മാസം മുമ്പ് വധൂവരന്മാർ ഔദ്യോഗികരേഖകളിൽ മതവും വരുമാനവും വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് അസമിലെ ബി.ജെ.പി സർക്കാർ.


മിശ്രം വേണ്ട!
പുതിയ ആന്റി കൺവേർഷൻ നിയമത്തിന്റെ ചരട് പിടിച്ച് മിശ്രവിവാഹങ്ങൾ തടയാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നാണ് ഡൽഹി സർവകലാശാലയിലെ പ്രൊഫ. ചാരു ഗുപ്ത പറയുന്നത്. മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശമുള്ള രാജ്യത്ത്, വിവാഹം, പ്രണയം, മതവിശ്വാസം, മതപരിവർത്തനം തുടങ്ങിയ പൗരന്റെ അവകാശങ്ങളെ പ്രശ്‌നവൽക്കരിക്കുന്ന വർഗീയതയുടെ ഹിംസാത്മകതയെ ചെറുത്തു തോൽപ്പിക്കാത്തപക്ഷം പൗരസ്വാതന്ത്ര്യം തന്നെ അപകടത്തിലാകും. ഓർഡിനൻസ് നിർഭാഗ്യകരമാണെന്ന് സുപ്രീം കോടതി മുൻ ന്യായാധിപൻ ജസ്റ്റിസ് മദൻ ലോകൂർ അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേയും അന്തസിനേയും ഹനിക്കുന്നതും മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതുമാണ് ഓർഡിനൻസെന്ന് അദ്ദേഹം പറഞ്ഞു.

സ്വതന്ത്രമായ ഇച്ഛാശക്തിയേയും മാനുഷികമായ അന്തസ്സിനേയും സംരക്ഷിക്കുന്നതിനായി ഉണ്ടാക്കിയ നിയമത്തിന്റെ തത്വസംഹിതയെ ലംഘിക്കുന്നതാണിതെന്നും ലോകൂർ ഒരു പൊതുചടങ്ങിൽ വ്യക്തമാക്കി. '2018ൽ ഹാദിയ കേസിൽ സുപ്രീം കോടതി എന്ത് വിധിയാണ് പ്രസ്താവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

മതം നോക്കണം

മരണക്കിടക്കയിലും !
ഒരുമയ്ക്കും, സൗഹോദര്യത്തിനും മതനിരപേക്ഷയ്ക്കുമൊക്കെ ഉദാഹരണമായി ലോകരാജ്യങ്ങൾ ചൂണ്ടികാണിക്കുന്നിടമാണ് നമ്മുടെ രാജ്യം. മതനിരപേക്ഷത കൊണ്ട് ആദ്യം വിവക്ഷിക്കുന്നത് മതസ്വാതന്ത്രമാണ്. രാജ്യത്ത് ഔദ്യോഗികമായി ഒരു മതമില്ലെന്നതാണ് മതസ്വാതന്ത്ര്യം മുന്നോട്ട് വയ്ക്കുന്ന ആദ്യ ആശയം.
പ്രത്യക്ഷത്തിൽ ഇന്ത്യ അങ്ങനെയാണ്. എന്നാൽ ഉള്ളിലേക്ക് ഇറങ്ങിയാലോ? മൃതുസ്പർശത്തിൽ പോലും ജാതിയും മതവും തപ്പുന്ന ഇടമായി മാറികഴിഞ്ഞു ഇവിടം.

ജാതിമേൽക്കൊമയ്യുടെ കാഴ്ചപാടാണ് ഇന്ത്യൻ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. മതസ്വാതന്ത്ര്യത്തിനൊപ്പം ഒരു വ്യക്തിക്ക് ഏത് മതവും പിന്തുടരാമെന്നും മതനിരപേക്ഷത കൊണ്ട് അർത്ഥമാക്കുന്നുണ്ട്. ഒരു മതത്തിൽ ജനിച്ചുവെന്നതിനാൽ പട്ടടയിൽ ഒടുങ്ങുംവരെ അതിനെ ചുമ‌ക്കേണ്ടതില്ല. വ്യക്തതിക്ക് തന്റെ മതം അപര്യാപ്തമാണെന്ന് തോന്നിയാൽ അത് മാറാം. ഒരു മതവും പിന്തുടരാതെ മതമില്ലാതെ ജീവിക്കുകയും ആകാം. ഇതിന്റെയൊക്കെ ലംഘനമാണ് യു.പിയിൽ ആന്റി കൺവേർഷൻ ബില്ലിന്റെ രൂപത്തിൽ പ്രകടമായി നടപ്പിലാക്കിയിരിക്കുന്നത്.

ഒരാൾ ഒരു മതം വിട്ട് മറ്റൊന്നിലേക്ക് പോകുമ്പോൾ തങ്ങൾക്ക് ഒരാളെ നഷ്ടപ്പെട്ടുവെന്ന് ഒരു മതം വ്യാകുലപ്പെടുന്നു. തങ്ങൾക്ക് ഒരാളെക്കൂടി ലഭിച്ചെന്ന് മറ്റൊരു മതം തുള്ളിച്ചാടുന്നു. ഈ വൈചിത്ര്യമാണ് ഇന്ത്യൻ സമൂഹത്തിൽ നമ്മൾ കാണുന്നത്. മതസ്‌പർദ്ധകൾക്ക് രാഷ്ട്രീയ, സാമൂദായിക, മതനേതാക്കൾ ദുഷ്ടലാക്കോടെ വെള്ളവും വളവും നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മതം വ്യക്തിയുടെ പൗരാവകാശമാണ്.

ഇവിടെയിനി പ്രണയം സാദ്ധ്യമല്ല!

നമ്മുടെ സാഹിത്യത്തിലും തത്വചിന്തയിലും ചിറകടിച്ച് പറന്നുകൊണ്ടിരുന്ന പ്രണയത്തിന്റ പക്ഷി ഇന്ന് ചിറകറ്റ് താഴെവീഴുന്ന കാഴ്ചയാണ് രാജ്യത്ത് പലയിടത്തും കാണുന്നത്. നമ്മുടെ നവോത്ഥാനത്തിന്റെയും മതനിരപേക്ഷതയുടേയും ആകെത്തുകയായി ഏതുകാലത്തും നമുക്ക് എടുത്ത് കാണിക്കാൻ പറ്റിയ ഉദാഹരണങ്ങളായിരുന്നു ജാതിക്കും മതത്തിനും അപ്പുറത്ത് മറ്റെല്ലാ സങ്കുചിത ചിന്തകൾക്കും അപ്പുറത്ത് പരസ്പരം ഇഷ്ടപ്പെടുന്ന മനുഷ്യരുടെ ഒത്തുചേരലായിരുന്നു. ജാതിക്കും മതത്തിനും അതിർത്തികൾക്കും അപ്പുറം ഞങ്ങളും മനുഷ്യരാണെന്നുള്ള പ്രഖ്യാപനങ്ങളാണ് ഇന്ന് നിയമത്തിന്റെ വരമ്പുകളാൽ വരിഞ്ഞുമുറുക്കി മതക്കോൽ കൊണ്ടളന്ന് മാറ്റി നിറുത്തപ്പെടുന്നത്. പാവ കഥൈകൾ എന്ന തമിഴ് ചിത്രത്തിൽ പറയുന്നപോലെ മനുഷ്യനല്ല സമുദായമാണ് (മതം അല്ലെങ്കിൽ ജാതി)​ വലുതെന്ന നിലയിലാണ് ഇന്ന് നമ്മുടെ രാജ്യത്തിന്റെ പ്രയാണം.