
ന്യൂഡൽഹി: കൊടുംശൈത്യത്തെ തൃണവത്ഗണിച്ച് ഡൽഹി അതിർത്തിയിൽ കർഷക സമരം ആളിക്കത്തുന്നതിനിടെ, 29ന് രാവിലെ 11ന് കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർഷക സംഘടനകൾ അറിയിച്ചു. സമരം ഒരുമാസം പിന്നിടവെ, നാല് വ്യവസ്ഥകൾ മുന്നോട്ടു വച്ചാണ് ചർച്ചയ്ക്കുള്ള കേന്ദ്രക്ഷണം കർഷകർ സ്വീകരിച്ചത്.
മൂന്നു കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ രൂപീകരിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാനുള്ള നിയമപരമായ നടപടിയെടുക്കുക, ദേശീയ തലസ്ഥാന മേഖലയിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള കരടുനിയമത്തിലെ ഒരു കോടി രൂപ വരെ പിഴശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥയിൽ നിന്ന് കർഷകരെ ഒഴിവാക്കുക, കരട് വൈദ്യുതി ബില്ലിൽ കർഷകർക്ക് അനുകൂലമായി ഭേദഗതി കൊണ്ടുവരിക എന്നീ നിബന്ധനകൾ സഹിതമാണ് സംയുക്ത കിസാൻ മോർച്ച കേന്ദ്രകൃഷിമന്ത്രാലയ ജോ.സെക്രട്ടറി വിവേക് അഗർവാളിന് കത്തയച്ചത്.
ചർച്ചയ്ക്കുള്ള സമയവും തിയതിയും അറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ രണ്ടു തവണ കത്തുകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണിത്.
പുതുവത്സരം മുതൽ സമരം അതിശക്തം
കേന്ദ്രസർക്കാരുമായുള്ള ചർച്ചയിൽ ധാരണയായില്ലെങ്കിൽ പുതുവത്സരം മുതൽ കർഷക സമരം അതിശക്തമാക്കും. ജനുവരി ഒന്നിനുള്ളിൽ പ്രശ്‌ന പരിഹാരമായില്ലെങ്കിൽ 'വമ്പൻ പ്രഖ്യാപനം' പിന്നാലെ വരുമെന്നും കർഷക നേതാക്കൾ അറിയിച്ചു. ഡിംസബർ 30ന് ഡൽഹി അതിർത്തിയായ കുണ്ട്‌ലി -മനേസർ- പൽവേൽ ദേശീയ പാതയിൽ ട്രാക്ടർ റാലി നടത്തും.
പോരാട്ടവീര്യവുമായി കർഷകർ ഒഴുകുന്നു
രാജസ്ഥാൻ,മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് കർഷകർ സമരകേന്ദ്രങ്ങളിലേക്കൊഴുകിയെത്തുകയാണ്. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് കിസാൻസഭയുടെ നേതൃത്വത്തിൽ ആയിരം കിലോമീറ്റർ സഞ്ചരിച്ചുള്ള 'ഡൽഹി ചലോ' മാർച്ച് ഡൽഹി-ജയ്‌പൂർ ദേശീയപാതയിലെ ഷാജഹാൻപുരിൽ എത്തിച്ചേർന്നു. ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി പഞ്ചാബിൽ നിന്ന് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് പുറപ്പെട്ടു.
ആർ.എൽ.പി നേതാവ് ഹനുമാൻ ബേനിവാളിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് കർഷകർ ജയ്‌പൂരി നിന്ന് ഷാജഹാൻപുർ അതിർത്തിയിലെ സമരകേന്ദ്രത്തിലേക്ക് മാർച്ച് തുടങ്ങി.
പാത്രം കൊട്ടി പ്രതിഷേധം ഇന്ന്
മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്ത് ഇന്ന് പ്രക്ഷേപണം ചെയ്യുമ്പോൾ കർഷകർ വീടുകളിൽ പാത്രം കൊട്ടി പ്രതിഷേധിക്കും. കൊവിഡ് ലോക്ക്ഡൗണിൽ മോദിയുടെ ആഹ്വാനമനുസരിച്ച് പാത്രം കൊട്ടിയ പോലെ രാജ്യത്തെ എല്ലാ വീടുകളിലും പരിപാടി തീരും വരെ പാത്രം കൊട്ടി പ്രതിഷേധിക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ ആഹ്വാനം ചെയ്തു. ഈ വർഷത്തെ അവസാന മൻകി ബാത്താണ് ഇന്നത്തേത്. പി.എം കിസാൻ നിധിയുടെ അടുത്ത ഗഡു വിതരണം ചെയ്ത് വെള്ളിയാഴ്ച മോദി പ്രസംഗിക്കുന്നതിനിടെ നോയിഡ അതിർത്തിയിൽ കർഷകർ പാത്രം കൊട്ടി പ്രതിഷേധിച്ചിരുന്നു.