beniwal

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങളിലും സമരം ചെയ്യുന്ന കർഷകരോടുള്ള മോദി സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് ഒരു കക്ഷി കൂടി എൻ.ഡി.എ വിട്ടു. രാജസ്ഥാനിലെ ഹനുമാൻ ബേനിവാൾ എം.പിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയാണ് (ആർ.എൽ.പി) ബി.ജെ.പി സഖ്യം ഉപേക്ഷിച്ചത്. പുതിയ നിയമങ്ങളിൽ പ്രതിഷേധിച്ച് സെപ്തംബറിൽ പഞ്ചാബിലെ ശിരോമണി അകാലിദൾ എൻ.ഡി.എ സഖ്യം വിട്ടിരുന്നു. ആർ.എൽ.പിയുടെ ഏക ലോക്സഭാംഗമാണ് ഹനുമാൻ ബേനിവാൾ. രാജസ്ഥാൻ നിയമസഭയിൽ മൂന്ന് എം.എൽ.എമാരും പാർട്ടിക്കുണ്ട്.
കഴിഞ്ഞയാഴ്ച ബേനിവാൾ മൂന്നു പാർലമെന്ററി സമിതികളിൽ നിന്നും രാജിവെച്ചിരുന്നു. കർഷക സമരത്തിന് പിന്തുണയുമായി ബേനിവാളിന്റെ നേതൃത്വത്തിൽ കർഷക റാലി ഹരിയാന അതിർത്തിയിലെ ഷാജഹാൻപുരിൽ എത്തിയിട്ടുണ്ട്.

കാർഷികനിയമങ്ങൾ ചർച്ച ചെയ്യുന്ന ദിവസം വ്യാജ കൊവിഡ് റിപ്പോർട്ടുണ്ടാക്കി എന്നെ പാർലമെന്റിൽ നിന്ന് പുറത്തു നിറുത്തി. സഭയിലുണ്ടായിരുന്നെങ്കിൽ ബില്ല് വലിച്ചുകീറിയേനെ.

- ഹനുമാൻ ബേനിവാൾ