modi

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ 96-ാം ജന്മ വാർഷിക ദിന പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ ആംആദ്മി എം.പിമാരുടെ പ്രതിഷേധം. വെള്ളിയാഴ്ച പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിനിടെയാണ് കർഷക സമരത്തിന് പിന്തുണയറിയിച്ച് ആംആദ്മിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിംഗും പ‌ഞ്ചാബിൽ നിന്നുള്ള ലോക്‌സഭാംഗമായ ഭഗവന്ത് മാനും മുദ്രാവാക്യം മുഴക്കിയത്. പുതിയ നിയമങ്ങൾ പിൻവലിക്കണം, കർഷകർ മരിക്കുകയാണ്, താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും ഇരുവരും ഉയർത്തി. വാജ്‌പേയിയുടെ സ്മരണാർത്ഥമിറക്കിയ പുസ്തകം പ്രകാശനം ചെയ്ത് മടങ്ങനൊരുങ്ങുന്നതിനിടെ കോൺഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് തുടങ്ങിയവരുമായി മോദി സംസാരിക്കുമ്പോഴായിരുന്നു പ്രതിഷേധം.
വാജ്‌പേയിക്ക് പ്രധാനമന്ത്രിയടക്കമുള്ളവർ ആദരമർപ്പിച്ചശേഷമായിരുന്നു പ്രതിഷേധമെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. രാജ്യസഭയിൽ വ്യക്തമായ ഭൂരിപക്ഷമില്ലാതിരിക്കെ ശബ്ദവോട്ടോടെയാണ് കർഷക ബില്ലുകൾ പാസാക്കിയതെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെകൂടാതെ ലോക്‌സഭാ സ്പീക്കർ ഓം ബിർള, വിവിധ കേന്ദ്രമന്ത്രിമാർ, എം.പിമാർ തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു.
ഹിന്ദുമഹാസഭാ സ്ഥാപകൻ മദൻ മോഹൻ മാളവ്യയുടെ ജന്മവാർഷിക ദിനം കൂടിയായിരുന്നു ഡിസംബർ 25.