
ന്യൂഡൽഹി: കർഷക സമരത്തെ പിന്തുണയ്ക്കുന്ന കേരളത്തിലെ ഇടതുപക്ഷം എ.പി.എം.സി നിയമം എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിന് മറുപടിയുമായി അഖിലേന്ത്യാ കിസാൻസഭ. കേരളത്തിലെ കാർഷിക മേഖലയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അജ്ഞതയാണ് പുറത്തുവന്നതെന്ന് കിസാൻസഭാ പ്രസിഡന്റ് അശോക് ധാവ്ളേയും ജനറൽ സെക്രട്ടറി ഹനൻമൊള്ളയും പ്രസ്താവനയിൽ പറഞ്ഞു. പുറത്തേക്ക് കയറ്റി അയയ്ക്കാനുള്ളത്രയും നെല്ല്, പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങിയവ കേരളത്തിൽ ഉത്പാദിപ്പിക്കാത്തതിനാൽ എ.പി.എം.സി നിയമമനുസരിച്ചുള്ള ചന്തകൾ പ്രസക്തമല്ല. സംസ്ഥാന നിയമങ്ങളനുസരിച്ചുള്ള നിരവധി മൊത്തവ്യാപാര -ചില്ലറ വിപണികൾ കേരളത്തിലുണ്ട്.
സംസ്ഥാനത്തെ 82 ശതമാനം കൃഷി ഭൂമിയിലും തെങ്ങ്, കശുവണ്ടി, തേയില, കാപ്പി, കുരുമുളക്, ഏലം തുടങ്ങിയ നാണ്യവിളകളാണ് കൃഷി. ഇവയുടെ വിപണനത്തിനുള്ള കേന്ദ്രബോർഡുകളെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നെല്ല് കേരള സർക്കാർ സംഭരിക്കുന്നത് ക്വിന്റലിന് 2748 രൂപയ്ക്കാണ്.
കേന്ദ്രത്തിന്റെ താങ്ങുവില ക്വിന്റലിന് 1848 രൂപ മാത്രമാണ്. ബി.ജെ.പി സഖ്യ സർക്കാർ ഭരിക്കുന്ന ബീഹാറിൽ എ.പി.എം.സി നിയമം റദ്ദാക്കിയശേഷം എന്തുകൊണ്ടാണ് നെൽ കർഷകർ ക്വിന്റലിന് 1000-1200 രൂപയ്ക്ക് വില്ക്കേണ്ടി വരുന്നതെന്ന് മോദി പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കർഷക സമരം രൂക്ഷമായി തുടരുന്നതിനിടെ ക്രിസ്‌മസ് ദിനത്തിൽ വീഡിയോ കോൺഫറൻസിലൂടെ വിവിധ സംസ്ഥാനങ്ങളിലെ കർഷകരുമായി സംവദിക്കവെയാണ് പ്രതിപക്ഷത്തിനെതിരെയും കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെയും മോദി വിമർശനം നടത്തിയത്.
കേരളം ഭരിക്കുന്നവർ സെൽഫിക്കായി സമരത്തിൽ പങ്കെടുക്കുന്നു. എന്നാൽ കാർഷികോത്പാദന വിപണന ചന്തകൾ കേരളത്തിലില്ല. അതിന് വേണ്ടി കേരളത്തിൽ എന്തുകൊണ്ട് സമരം നടത്തുന്നില്ല.
പശ്ചിമബംഗാളിൽ 70 ലക്ഷം കർഷകർക്ക് പി.എം കിസാൻ പദ്ധതിയുടെ ആനുകൂല്യം മമത സർക്കാർ നിഷേധിക്കുകയാണ്. ചടങ്ങിൽ പി.എം കിസാൻ സമ്മാൻ നിധിയിലെ അടുത്ത ഗഡുവായി 18,000 കോടിയിലധികം രൂപ ഗുണഭോക്താക്കളായ 9 കോടിയോളം കർഷക കുടുംബങ്ങൾക്ക് മോദി വിതരണം ചെയ്തു.